ഒന്നും മറക്കരുതെന്ന
ആശയത്തെ
പരാജയപ്പെടുത്തുന്നതിൽ
പേനയ്ക്ക്
എന്റെ ജീവിതതത്തിലുള്ള പങ്ക്
അത്ര വലുതല്ല
എന്നു മാത്രമല്ല
കാമുകന്മാരുടെ
എണ്ണം മറി കടക്കാൻ
അവയ്ക്ക് കഴിഞ്ഞിട്ടുമില്ല
മേശപ്പുറത്ത്, കട്ടിലിൽ
ക്ലാസ് മുറിയിൽ
ഉപേക്ഷിക്കപ്പെട്ടെന്ന
ഭാവമില്ലാതെ
ഏന്തോ ഓർത്തു നോക്കും പോലെ
പേനകൾ കിടന്നു
ഒരിക്കലും മറക്കില്ലെന്ന്
കൈയിൽ മുറുക്കെപ്പിടിച്ചു-
നടക്കുന്നതിനിടയിലെ
അവിചാരിതമായ ഏതോ
മുഹൂർത്തത്തിൽ
അത് സംഭവിക്കും
പിന്നെ ഓർക്കുമ്പോഴെല്ലാം
എന്നെമാത്രം
കുറ്റപ്പെടുത്താൻ തോനുന്ന തരത്തിൽ
കയ്യിൽ നിന്നത്
വീണുപോയിട്ടുണ്ടാവും
എത്ര നോക്കിയാലും കാണില്ല
കണ്ണിനുള്ളിൽ കയറിയിരുന്നും
കാഴ്ചയെ മറച്ചു കളയും
നോക്കും തോറും
ശൂന്യത തെളിഞ്ഞു തെളിഞ്ഞു
കണ്ണിൽ ഇരുട്ട് കയറും
പരതും തോറും പരിസരം
മറന്നു കൊണ്ടിരിക്കും
നീ കൊണ്ടുക്കളഞ്ഞു എന്ന്
ഞാൻ എന്നെത്തന്നെ വിരൽ ചൂണ്ടും
പറഞ്ഞിട്ടെന്താ
തീരെ പ്രതീക്ഷിക്കാതെ,
ഒഴിഞ്ഞൊരു ദിവസത്തിന്റെ
ഏതെങ്കിലും മൂലയിൽ വച്ച്
പിന്നെ കണ്ടു മുട്ടുമ്പോൾ
ചുണ്ടിൽ വരുന്നത് വെറും ചിരിയല്ല
ആകത്തു നടന്ന യുദ്ധത്തിന്റെ
പുറത്തെ മുറിവപ്പോൾ
ചുവന്നതാവും