ശുഷ്കമായ യോഗങ്ങളും വോട്ടിങ് പങ്കാളിത്തവും കണ്ട് തോൽവി മണത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഭരണഘടനയും നീതിന്യായ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് പ്രചരണം നടത്തുന്നതിനു പിന്നിൽ ചെറുപ്പം മുതൽ മനസിൽ അടിഞ്ഞുകൂടിക്കിടന്ന മുസ്ലിം വിദ്വേഷമാണ്. യാതൊരു മര്യാദയുമില്ലാതെ തികഞ്ഞ വർഗീയത പറഞ്ഞുകൊണ്ടിരിക്കുകയാണ് മോഡി. രാജസ്ഥാനിലെ ബന്‍സ്വാരയിലെ റാലിയിൽ തുടങ്ങിവച്ച, ന്യൂനപക്ഷമതങ്ങൾക്ക്, വിശേഷിച്ച് മുസ്ലിങ്ങൾക്ക് എതിരെയുള്ള പുതിയ ആക്രമണങ്ങൾ തുടരുന്നത് പച്ചക്കള്ളത്തിന്റെയും നുണയുടെയും അകമ്പടിയോടെയാണ്. അതിനായി പുതിയ നുണകളും കള്ളക്കഥകളും വെറുപ്പിന്റെ ഭാഷയിൽ മോഡിയും കൂട്ടരും ചമച്ചുകൊണ്ടിരിക്കുന്നു. മുസ്ലിങ്ങളെല്ലാം നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ആണെന്നും ഹിന്ദുസ്ത്രീകളുടെ കെട്ടുതാലി വരെ അവർ തട്ടിയെടുക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ അതിനു കൂട്ട് നിൽക്കുമെന്നും മോഡിയും സംഘപരിവാരങ്ങളും ഒരുളുപ്പും ഇല്ലാതെ പ്രചരിപ്പിക്കുന്നു. ഐഎസ് പോലുള്ള ഭീകര സംഘങ്ങള്‍ ആഗോള തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ തീവ്രവാദപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ വാസ്തവം നേരെമറിച്ചാണ്. ഇന്ത്യയിൽ തീവ്രവാദത്തിന്റെ പ്രചാരകരും പ്രവർത്തകരും ബ്രാഹ്മണ പൗരോഹിത്യ മേധാവികൾ നിയന്ത്രിക്കുന്ന തീവ്ര ഹിന്ദു സംഘങ്ങളാണ് എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നേർക്ക് നിറയൊഴിച്ച ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കൊടുംഭീകരൻ. അയാൾ മുസ്ലിമായിരുന്നില്ല. ഒന്നാംതരം മഹാരാഷ്ട്ര ബ്രാഹ്മണൻ. മാത്രമല്ല ഹിന്ദുമഹാസഭാ നേതാവും ആര്‍എസ്എസ് പ്രവർത്തകനുമായിരുന്നു. ഗാന്ധിവധക്കേസിൽ ഗോഡ്സെയോടൊപ്പം പ്രതികളായിരുന്ന എല്ലാവരും സവർണഹിന്ദുക്കളായിരുന്നു. ഗോഡ്സെയോടൊപ്പം തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തെ, കൂട്ടുപ്രതികളായ വി ഡി സവർക്കർ, ദിഗംബർ ബാഡ്ഗെ, ശങ്കർ കിസ്തയ്യ, ദത്താത്രേയ പര്‍ച്ചുരെ, വിഷ്ണു കാർക്കറെ, മദൻലാൽ പഹ്‌വാ, ഗോപാൽ ഗോഡ്സെ എന്നിവരാരും മുസ്ലിങ്ങളായിരുന്നില്ല. ഇവരെല്ലാം ആര്‍എസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ എന്നാരോപിക്കപ്പെട്ട വി ഡി സവർക്കറാകട്ടെ ഒന്നാംതരം മറാത്തി ബ്രാഹ്മണനും.
ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയ്ക്ക് മുമ്പേ 1937ൽ തന്നെ ആവശ്യപ്പെട്ട വിഘടനഭീകരനും സവർക്കറാണ്. രാജ്യത്തെ ശിഥിലീകരിക്കുവാനും അസ്ഥിരപ്പെടുത്തുവാനും വിവിധ മതക്കാരെ തമ്മിലടിപ്പിച്ചു മുതലെടുക്കാൻ ശ്രമിച്ചവരും ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ആര്‍എസ്എസ്, ഹിന്ദു തീവ്രവാദികളാണ്. ഇന്ത്യൻ യൂണിയനും പാകിസ്ഥാനുമായി വേർപിരിഞ്ഞതിനുശേഷം രാജ്യത്ത് ഏറ്റവും വലിയ വംശഹത്യ നടന്നത് ഗുജറാത്തിലാണ്. രണ്ടായിരത്തിലധികം മുസ്ലിങ്ങളെയാണ് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സംഘപരിവാരങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെ കൊന്നൊടുക്കിയത്. ക്രൂരമായ ആ നരമേധത്തിൽ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് നാനാവതി കമ്മിഷനും കോടതികളും കുറ്റവിമുക്തരാക്കിയെങ്കിലും മോഡിയും അമിത് ഷായും നിരപരാധികളാണെന്ന് സാധാരണപൗരന്‍മാര്‍ വിശ്വസിക്കുന്നില്ല. കോടതിവിധികളും അന്വേഷണ കമ്മിഷൻ നിഗമനങ്ങളും തെറ്റാണെന്ന് മോഡി തന്നെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായാ കോട്നാനി, നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. ഗുജറാത്ത് മുസ്ലിം വംശഹത്യയിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്ന കൊലപാതകികൾക്ക് സുപ്രീം കോടതി വിചിത്രമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത് അടുത്ത കാലത്താണ്. സൊറാബുദ്ദീൻ കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും കോടതി ഉത്തരവ് പ്രകാരം 2010ൽ നാടുകടത്തപ്പെടുകയും ചെയ്ത ആളാണ് അമിത് ഷാ. 2012ൽ സുപ്രീം കോടതി ജാമ്യം അനുവദിക്കും വരെ സ്വന്തം നാട്ടിൽ കടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
മോഡി, ഷാ സംഘത്തിനനുകൂലമായ ഏതു കോടതിയുടെ വിധിയെക്കാളും വലിയ തെളിവും തീർപ്പുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ മുൻ നേ താവ് പ്രവീൺ തൊഗാഡിയ നടത്തിയ പരസ്യ വെളിപ്പെടുത്തൽ. “വ്യാജ ഏറ്റുമുട്ടലിൽ തന്നെ കൊലപ്പെടുത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്” എന്നാണ് അദ്ദേഹത്തിന്റെ കണ്ണീരിൽ കു തിർന്ന ആരോപണം. ഇന്ത്യയൊട്ടാകെ വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ ബിജെപിയുടെയും സംഘികളുടെയും സേനാനായകനായി നിന്ന് പ്രവർത്തിച്ച തൊഗാഡിയ ഭയവും സങ്കടവും ആശങ്കയും നിരാശയും മറച്ചുവയ്ക്കാതെ പത്രക്കാർക്ക് മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏതു കോടതിവിധിയെക്കാളും ഏത് അന്വേഷണ റിപ്പോർട്ടിനെക്കാളും വിശ്വസനീയവും സത്യസന്ധവുമാണ്. ഗുജറാത്തിലെ പ്രമുഖനായ ബിജെപി നേതാവായിരുന്ന ഹേരൻ പാണ്ഡ്യയെ കൊലപ്പെടുത്തിയവർക്ക് താൻ വെറും അശുവാണെന്ന് തൊഗാഡിയയ്ക്ക് നന്നായറിയാം. വാര്‍ത്താസമ്മേളനം നടത്തി ഏതാനുംനാൾ കഴിഞ്ഞപ്പോൾ തൊഗാഡിയ സഞ്ചരിച്ച കാറിനു നേരെ ആക്രമണമുണ്ടായ വാർത്ത, അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിച്ചു. ഇവിടെയും അക്രമകാരികളും ഏറ്റുമുട്ടൽ വിദഗ്ധരും മുസ്ലിങ്ങളല്ല, ഇന്ത്യൻഹിന്ദുക്കളും ‘വിശ്വഹിന്ദുക്കളും’ തന്നെ.
2013ലെ മുസാഫർ നഗർ കലാപം ആസൂത്രണം ചെയ്തതും സംഘ്പരിവാർ സംഘങ്ങളായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഹിന്ദുക്കളുടെ ഇരട്ടി മുസ്ലിങ്ങൾ ആ കലാപത്തിൽ കൊല്ലപ്പെട്ടു. ധാരാളം മുസ്ലിം കുടുംബങ്ങൾ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തു. അന്ന് നടത്തിയ കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്പുമാണ് തങ്ങൾക്ക് ബാലികേറാമലയായിരുന്ന ഉത്തർപ്രദേശിൽ ആധിപത്യം ഉറപ്പിക്കാൻ ബിജെപിയെ സഹായിച്ചത്. യുപിയിലെ ദാദ്രി ഗ്രാമത്തിൽ പശുക്കുട്ടിയെ കൊന്നെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലഖ് എന്ന 52 വയസുകാരനെ തല്ലിക്കൊന്നത് സമീപത്തുള്ള അമ്പലത്തിലെ പൂജാരി ഉൾപ്പെടെയുള്ള ഹിന്ദു സംഘമാണ്. അയാളുടെ വീട്ടിൽ നിന്ന് പശുവിറച്ചിയെന്നപേരില്‍ അക്രമികള്‍ കണ്ടെടുത്ത ഇറച്ചി ആടിന്റെതാണെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
അഖ്‌ലഖിന്റെ മൂത്ത മകൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടുപോലും, പട്ടാളക്കാർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടെ ആരും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ എത്തിയില്ല. 72 വർഷമായി താമസിച്ചിരുന്ന വീടുപേക്ഷിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കൾ അവിടെ നിന്നും പലായനം ചെയ്തു. അഖ്‌ലഖ് വധക്കേസിൽ പ്രതികളായ 19ൽ 16 പേരെയും തന്റെ തെരഞ്ഞെടുപ്പ് റാലികളിൽ ആദിത്യനാഥ് പങ്കാളികളാക്കി. പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ അവർക്കെല്ലാം ജോലിയും നൽകി. ഈ കൊലപാതകികൾ ആരും മുസ്ലിങ്ങളായിരുന്നില്ല; സവർണഹിന്ദുക്കളായിരുന്നു.
2018ൽ ജമ്മു കശ്മീരിലെ കഠ്‌വ എന്ന സ്ഥലത്ത് ക്ഷേത്രത്തിൽ വച്ച് എട്ട് വയസ് മാത്രം പ്രായമുള്ള മുസ്ലിം പെൺകുട്ടിയെ അമ്പലത്തിലെ പൂജാരി ഉൾപ്പെടെയുള്ളവർ ചേർന്ന് ബലാത്സംഗംചെയ്തു കൊന്നു. അന്ന് ബിജെപിയും പിഡിപിയും ഒന്നിച്ച് ജമ്മു കശ്മീർ ഭരിക്കുന്ന കാലമാണ്. ആ കൊലപാതകത്തിലും മുസ്ലിങ്ങളായിരുന്നില്ല പ്രതികൾ. 2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡോസയിലും ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഈ സ്ഫോടനത്തിന്റെ സൂത്രധാര സംഘപരിവാര പുത്രിയും ഗോഡ്സെ ആരാധികയും ഭോപ്പാൽ എംപിയും ആദിത്യനാഥ് ഭക്തയും ആയ പ്രജ്ഞാ സിങ് ഠാക്കൂർ ആണ്. അവരും മുസ്ലിമല്ല. അജ്മീർ ദർഗ, മെക്കാ മസ്ജിദ്, സംഝോധാ എക്സ്പ്രസ് എന്നിവിടങ്ങളിൽ ബോംബു വച്ചത് അസിം ആനന്ദ് എന്ന ആര്‍എസ്എസ് ഭീകരനായിരുന്നു.
വോട്ടെടുപ്പില്‍ മോഡിയും പരിവാരങ്ങളും തോറ്റാലും ജയിച്ചാലും മുസ്ലിം വംശഹത്യയിലെ നിരപരാധിത്വത്തിന്റെ മുഖംമൂടി സ്വയം അഴിച്ചുമാറ്റുന്നത് ജനങ്ങള്‍ക്ക് കാണാൻ കഴിഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും നല്ല ഫലശ്രുതി.