Site iconSite icon Janayugom Online

മാന്നാറിലെ കല കൊലപാതകം; റിമാൻഡിൽ കഴിഞ്ഞ പ്രതികൾക്ക് ജാമ്യം

murdermurder

മാന്നാറിലെ കല കൊലപാതകത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പൊലീസ് പിടികൂടി റിമാൻഡിലുളള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

രണ്ടുമുതൽ നാലുവരെ പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ്(45) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രൊഡക്ഷൻ വാറണ്ടുള്ളതിനാൽ പ്രമോദിന് പുറത്തിറങ്ങാനായില്ല. പതിനഞ്ചു വർഷം മുമ്പ്കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽകുമാർ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ഇയാൾക്കെതിരേ ചെങ്ങന്നൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഓപ്പൺ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓപ്പൺ വാറണ്ട് പൊലീസ് ആസ്ഥാനം വഴി ക്രൈംബ്രാഞ്ച് മുഖേന സിബിഐയ്ക്ക് കൈമാറിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അനിൽ നാട്ടിൽ എത്തിയാൽ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട്കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ. കലയെ കൊന്ന് കുഴിച്ച് മൂടിയ സ്ഥലമോ മൃതദേഹ അവശിഷ്ടമോ ലഭിക്കാഞ്ഞത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കൂടാതെ യഥാർത്ഥ വിവരങ്ങൾ അറിയാവുന്ന ഒന്നാം പ്രതി അനിൽ നാട്ടിൽ എത്താത്തതും അന്വേഷണത്തെ ബാധിച്ചു. അതിനാൽ തന്നെ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് പ്രതികൾ ഉപാധികളോടെ പുറത്തിറങ്ങിയത്.

Exit mobile version