Site iconSite icon Janayugom Online

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ 
ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വയലാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.75 കോടി രൂപ വിനിയോഗിച്ച് സജ്ജമാക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധി സാഹചര്യങ്ങളിൽ ഏറെ അനിവാര്യമായ ഐസൊലേഷൻ വാർഡുകളുടെ അപര്യാപ്തത ഇല്ലാതാക്കുന്നതിനുള്ള ഊർജ്ജിത ശ്രമം സർക്കാർ നടത്തിവരികയാണ്.

ഇതിന്റെ ഭാഗമായാണ് വയലാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. ഡി എം ഒ (ആരോഗ്യം) ഡോ. ജമുന വർഗീസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, ജില്ലാ പഞ്ചായത്തംഗം എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് വി ബാബു, വയലാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇന്ദിര ജനാർദ്ദനൻ, യു ജി ഉണ്ണി, ബീന തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ സാബു, അർച്ചന ഷൈൻ, മെഡിക്കൽ ഓഫീസർ ഡോ. ബി അഞ്ജലി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version