Site iconSite icon Janayugom Online

മെസിയും റൊണാള്‍ഡോയുമില്ല; ഫിഫ്പ്രൊയുടെ ലോക ഇലവനില്‍

സൂറിച്ച്: ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്പ്രൊയുടെ ലോക ഇലവനില്‍ ഇതിഹാസ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ല. വോട്ടെടുപ്പിലൂടെയാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. 17 വർഷത്തിനിടെ ആദ്യമായാണ് മെ­­സിയില്ലാത്ത ലോക ഇലവ‍ൻ ഫിഫ്പ്രൊ പ്രഖ്യാപിക്കുന്നത്. ഇരുവരെയും കൂടാതെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും ടീമിലില്ല.
2007 ഡിസംബര്‍ മുതല്‍ മെസി ലോക 11ലെ സ്ഥിര സാന്നിധ്യമാണ്. റൊണാള്‍ഡോ 15 വര്‍ഷമാണ് ലോ­ക ഇലവന്റെ ഭാഗമായത്. മെസിക്ക് ഇത്തവണ 21,266 വോട്ടുകളാണ് ലഭിച്ചത്. ഒരു റാങ്ക് വ്യത്യാസത്തില്‍ 12-ാമതാണ് മെസി എത്തിയത്. ഇതോടെ തഴയപ്പെട്ടു. 5096 ഫോര്‍വേഡുകളില്‍ നിന്ന് മികച്ച നാലാമത്തെ ഫോര്‍വേഡായാണ് മെസി എത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഫോര്‍വേഡുകളുടെ പട്ടികയില്‍ ഇടം നേടിയത്. മെസിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. റൊണാള്‍ഡോയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 

എന്നാല്‍ ഇരുവരും യൂറോപ്യന്‍ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലല്ലാത്തതിനാലാണ് ഇപ്പോള്‍ തഴയപ്പെടുന്നത്. ടീമിലെ ഓരോ പൊസിഷനിലേക്കും വിവിധ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക ഫിഫ്‌പ്രോ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഗോള്‍ കീപ്പര്‍മാരായി മൂന്ന് പേരും ഡിഫന്‍ഡര്‍മാരായി ഏഴ് താരങ്ങളും ഉള്‍പ്പെടെ ഓ­രോ പൊസിഷനിലേക്കുമായി 26 താരങ്ങളുടെ ചുരുക്കപ്പെട്ടികയാണ് ഫിഫ്‌പ്രോ നേരത്തെ പുറത്തുവിട്ടത്. ഇതില്‍ നിന്നുമാണ് വോട്ടെടുപ്പിലൂടെ വേള്‍ഡ് ഇലവന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടീമില്‍ പകുതിയിലധികം താരങ്ങളും റയലില്‍ നിന്നുള്ളവരാണ്. ഗോള്‍കീപ്പര്‍ അടക്കം ആറ് താരങ്ങളാണ് സാന്‍ ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും ഫിഫ്‌പ്രോ ഇലവന്റെ ഭാഗമായത്. എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ടീമിന്റെ മുന്നേറ്റ നിരയിലുള്ളത്.

അതേസമയം മെസിയും റൊണാള്‍ഡോയും കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന് പറയാം. പകരം വയ്ക്കാനില്ലാത്ത പ്രതിഭകളായി ഇന്നും കളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇരുവരും ഇനിയൊരു ലോകകപ്പിനുണ്ടാകാന്‍ സാധ്യതയില്ല. വിവിധ ലീഗുകളില്‍ കളിക്കുന്ന ഇരുവരും നിലവില്‍ മികച്ച സംഭാവനകള്‍ നല്‍കി ക്ലബ്ബില്‍ സ്ഥിരസാന്നിധ്യമാണ്. 

Exit mobile version