Site iconSite icon Janayugom Online

മൊബിലിറ്റി ഹബ്ബ് നിർമാണം; ഇൻകെൽ ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി തേടി

ആലപ്പുഴ: കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബ് നിർമാണത്തിന് ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി തേടി ഇൻകെൽ. കനാലിന് സമീപത്തെ കെട്ടിടം സോൺ സെവനിൽ ആയതിനാൽ സ്റ്റാൻഡിന്റെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റിയുടെ അനുമതി വേണം. കമ്മിറ്റിക്ക് ചില നിബന്ധനകളുണ്ട്. ഏറ്റവും മുകളിൽ 35 മുതൽ 40 ഡിഗ്രിവരെ ചരിച്ച് മംഗലാപുരം ഓട് പാകണമെന്നതാണ് അവയിലൊന്ന്. ഹബ്ബിന്റെ രൂപരേഖ വള്ളത്തിന്റെ മാതൃകയിലായതിനാൽ ഓടിട്ട് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് ഇൻകെൽ അധികൃതർ പറഞ്ഞു. പ്രത്യേക അനുമതിക്ക് ചർച്ച പുരോഗമിക്കുകയാണ്.

മൂന്ന് ആഴ്‍ചയ്‍ക്കുള്ളിൽ തീരുമാനമാകുമെന്ന് ഇൻകെൽ അധികൃതർ പറഞ്ഞു. ഹബ്ബിന് മൂന്ന് ടെസ്റ്റ് പൈലിങ്ങ് നടത്തി. ഭാരപരിശോധനയും പൂർത്തിയായി. ഉറപ്പുണ്ടെന്ന് ഇൻകെൽ വ്യക്തമാക്കി. പൈലിങ്ങിന് ഗാരേജിന്റെ വടക്കേയറ്റത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ഫെബ്രുവരി 17നാണ് കല്ലിട്ടത്. വളവനാട് സിഎച്ച്സിക്ക് സമീപം തുടങ്ങിയ താൽക്കാലിക ഗാരേജ് നിർമാണം മെയ് അവസാനം പൂർത്തിയാകും.

അടിത്തറ നിർമിച്ച് തൂണുകൾ സ്ഥാപിച്ച് സ്ട്രക്ചർ പൂർത്തിയാക്കി. മേൽക്കൂരയിൽ ഷീറ്റിടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഫ്ലോർ, ഇന്റീരിയർ ജോലി ബാക്കിയുണ്ട്. സ്റ്റോർ, ജീവനക്കാർക്ക് വിശ്രമിക്കാനും താമസിക്കാനും മുറി, ശൗചാലയം തുടങ്ങി കെട്ടിടം ആവശ്യത്തിന് അനുസരിച്ച് വേർതിരിക്കണം. നിർമാണം പൂർത്തിയാകുന്നതോടെ വളവനാട്ടേയ്‍ക്ക് ഗാരേജ് മാറ്റും.

Exit mobile version