Site iconSite icon Janayugom Online

മോജോ ന്യൂസ്

എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോണവുമായി പി വി അന്‍വര്‍ എംഎല്‍ എ

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി കേന്ദ്രം: പാചകവാതകത്തിന് വില കൂട്ടി 

നമസ്ക്കാരം , ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാര്‍ത്തകളുമായി ജനയുഗം ഓണ്‍ലൈന്‍ മോജോന്യൂസിലേക്ക് സ്വാഗതം

എഡിജിപി എം ആർ അജിത് കുമാറിന് എതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. അജിത് കുമാർ കൊലപാതകി ആണെന്നും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും വരെ പി വി അൻവർ മാധ്യമങ്ങൾ മുൻപാകെ ആരോപിച്ചു.അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് പ്രവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് ലോബിയുമായി ചേർന്നാണ്. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നത്. അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് കസ്റ്റംസ് ഇവരെല്ലാം ചേർന്ന ​ഗ്രൂപ്പുണ്ട് എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.സുജിത് ദാസ് മുൻപ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വർണം വരുമ്പോ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വർണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം ഇവർ കൈക്കലാക്കും. ഇതാണ് രീതി.സ്വർണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വർഷം മുൻപ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. എടവണ്ണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബിജുവിന്റെ ഫോൺ ചോർത്തിയിരുന്നു. ഇതിന് പിന്നിലും താത്പര്യങ്ങളുണ്ടായിരുന്നു. അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണ്. ഇയാൾ കൊന്നിട്ടുണ്ട്, കൊല്ലിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യിച്ചിട്ടുണ്ട് എന്നിങ്ങനെയും പി വി അൻവർ ആരോപണം തുടർന്നു.മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ടിയെയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എം ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിലെ ഒരു വിഭാഗം. എംഎല്‍എ നിയമസഭയിലുന്നയിച്ച വിഷയത്തില്‍ പൊലീസിന്റെ നിലപാടെന്താണെന്ന് ചോദിക്കുമ്പോള്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ പൊലീസാണോ നീതി നടപ്പിലാക്കുന്നത്. എം ആര്‍ അജിത് കുമാറാണോ ഗവണ്‍മെന്റിനെ സഹായിക്കുന്നത്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മുൻപാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.’ താൻ ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് വരുന്നേയുള്ളൂ, നടപടികൾ ഉണ്ടാവുമെന്നും അൻവർ അവകാശപ്പെടുകയും ചെയ്തു.

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു.
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു.പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു. വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ദില്ലിയില്‍ 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.രാജ്യാന്തര എണ്ണവില, നികുതി നയങ്ങള്‍, ചോദന‑വിതരണ മാറ്റങ്ങള്‍ തുടങ്ങിയവയാണ് എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കല്‍ നടപടികളുമാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. എങ്കിലും ഇപ്പോഴത്തെ വില വര്‍ധനവിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും മമ്മൂട്ടി 

സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും അങ്ങനെയൊന്ന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തു നിൽക്കേണ്ട സമയമാണിത്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു . ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും മമ്മൂട്ടി പറഞ്ഞു.വിവാദങ്ങളിൽ അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തുനിന്നതെന്നും അദ്ദേഹം പറഞ്ഞു . സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഹേമ കമ്മറ്റി ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും പിന്തുണക്കുന്നു . ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു .

പശ്ചിമ ബംഗാൾ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കിടെ നഴ്‌സിനെ രോഗി ലൈം ഗിക അതിക്രമത്തിനിരയാക്കി

രാജ്യത്തിന് വീണ്ടും അപമാനമായി ആരോഗ്യപ്രവര്‍ത്തക ലൈംഗിക അതിക്രമത്തിനിരയായി. കൊല്‍ക്കത്തയിലാണ് നഴ്സ് ലൈംഗികഅതിക്രമത്തിനിരയായത്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന നഴ്സിനെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കുന്ന രോഗിയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്. ശനിയാഴ്ച രാത്രി ബിർഭൂമിലെ ഇളംബസാർ ഹെൽത്ത് സെന്റ്റിലാണ് സംഭവം. ഡ്രിപ്പ് നല്‍കുന്നതിനിടെ രോഗി അതിക്രമിക്കുകയായിരുന്നുവെന്ന് നഴ്സ് പറഞ്ഞു. രോഗിയ്ക്കൊപ്പം വീട്ടുകാരുമുണ്ടായിരുന്നുവെന്നും നഴ്സ് വ്യക്തമാക്കി. സുരക്ഷയുടെ അഭാവം മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന്റെ മുന്നില്‍വച്ച് തന്നോടിങ്ങനെ അതിക്രമംകാണിക്കാൻ അയാള്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നും നഴ്സ് കൂട്ടിച്ചേര്‍ത്തു. പ്രതികരിച്ചപ്പോള്‍ രോഗി തന്റെ നേരെ കയര്‍ത്തതായും അവര്‍ പറഞ്ഞു.സംഭവത്തിനുപിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതി രോഗിയെ പിടികൂടി.കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡോക്ടറിനുനേരെ ലൈംഗികാതിക്രമുണ്ടായതിനുപിന്നാലെ വൻ പ്രതിഷേധമാണ് രാജ്യവ്യാപമായി അരങ്ങേറുന്നത്. സംഭവത്തില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചിരുന്നു.

റെയില്‍വേയിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമാകുന്നു;വന്ദേ ഭാരത് സ്ലീപ്പര്‍ ട്രയിന്‍

ട്രയിന്‍ യാത്രയ്ക്ക് ഒരു പുതിയ മാനദണ്ഡം നല്‍കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രയിന്‍ നൂതന സാങ്കേതിക വിദ്യയോടു കൂടിയ സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു.വേഗമേറിയതും മനോഹരവുമായ യാത്ര ഉറപ്പ് തരുന്ന ഈ ട്രയിന്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്.ഏറെ ആകാംക്ഷയോടെ ഏവരും കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രയിന്‍ വന്ദേഭാരത് പോര്‍ട്‌ഫോളിയോയുടെ വിപുലീകരണമാണ്.ട്രയിന്‍ യാത്രയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റി മറിക്കുന്നതാണ് ഈ പുതിയ സംരംഭം.ഈ ട്രയിന്‍ ഇന്ത്യയിലാദ്യമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ട്രയിന്‍ ഇതിന്റെ പ്രവര്‍ത്തന മികവിന്റെ ഒരു സംയോജനമാണ്.ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റീരിയലുകളും ഉയര്‍ന്ന അഗ്നി സുരക്ഷാ മാര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്.യൂറോപ്പ്യന്‍ യാത്രകള്‍ക്ക് തുല്യമായ യാത്രാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രയിന്‍ ലോകോത്തര സൗകര്യങ്ങളും നല്‍കുന്നുണ്ട്.ഇന്ത്യയിലെ ദീര്‍ഘദൂര റെയില്‍ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കാനുതകുന്ന ഈ ട്രയിന്‍ സുരക്ഷ,സുഖസൗകര്യങ്ങള്‍ എന്നിവയില്‍ പുതിയ മാനം നല്‍കുന്നു.

സിമി റോസ്‌ബെല്‍ ജോണിന്റെ ആരോപണം പരിശോധിക്കും: കെ സുധാകരൻ

എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് മുൻ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിന്റെ ആരോപണം പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പരാതി അന്വേഷിക്കാൻ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെ വയ്ക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് സിമി റോസ്‌ബെല്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സിമി റോസ് ബെല്‍ ആരോപണമുന്നയിച്ചിരുന്നു.കോണ്‍ഗ്രസില്‍ അവസരം ലഭിക്കാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നത്.

ചിന്നക്കനാല്‍ വമമേഖലയില്‍ കാട്ടാനകള്‍ തമ്മിലുള്ള ആക്രമണത്തില്‍ പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

ചിന്നക്കനാൽ വനമേഖലയിൽ കാട്ടാനകൾ തമ്മിലുള്ള ആക്രമണത്തിൽ പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. പുലർച്ചെയോടെയാണ് ​ഗുരുതരാവസ്ഥയിലായിരുന്ന ആന ചരിഞ്ഞത്. ചക്കക്കൊമ്പനുമായാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മുറിവാലന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 21ന്‌ ചിന്നക്കനാലിന്‌ സമിപം സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഏറ്റുമുട്ടൽ. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമായി. വീണുപോയ ആനയെ വനപാലകർ കയറുകെട്ടിവലിച്ചാണ് താൽക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. വെള്ളിയോടെ നില മോശമായി. ജനവാസ മേഖലയ്ക്ക് സമീപം എത്താതായ കൊമ്പനെ വെള്ളിയാഴ്‌ചയാണ്‌ വീണു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്‌ച ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ഇടതു കാലിന്റെ സ്വധീനം നഷ്ടപ്പെട്ടു.

താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന.
താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധമുള്ള രേഖകളില്‍ വ്യക്ത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്.അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിരുന്നു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.അതേ സമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. അതിനിടെ, നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഗാസയില്‍ പൊളിയോ വാക്സിന്‍ വിതരണം ആരംഭിച്ചു
ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ വാക്സിൻ വിതരണം പുരോ​ഗമിക്കുന്നു. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം ​ഗാസയിൽ എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസിന്‌ താഴെയുള്ള 6,40,000 കുട്ടികൾക്ക്‌ വാക്സിൻ വിതരണം ചെയ്യാനാണ് നീക്കം. യുഎൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം ​ഗാസയിലെ ആരോഗ്യ പ്രവർത്തകരും പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ പങ്കെടുക്കുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് അറിയിച്ചു.വാക്സിൻ വിതരണത്തിനായി പരിമിതമായി വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. മധ്യഗാസയിലും തെക്കൻ ഗാസയിലും വടക്കൻ ഗാസയിലുമായി മൂന്നുദിവസം ഒമ്പതുമണിക്കൂർ വീതം വെടിനിർത്താനാണ്‌ ധാരണ. രാവിലെ ആറുമുതൽ പകൽ മൂന്നുവരെ ആക്രമണം നിർത്തിവയ്ക്കാനാണ്‌ ഇസ്രയേൽ സമ്മതിച്ചതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.

ഡല്‍ഹി പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഓരോവറിലെ ആറു പന്തും സിക്സര്‍ പറത്തി പ്രയാന്‍ഷ് ആര്യ
ഡൽഹി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒരോവറിലെ ആറു പന്തും സിക്സർ പറത്തി സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് താരം പ്രിയാൻഷ് ആര്യ. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിന്റെ മനൻ ഭരദ്വാജിനെതിരെയായിരുന്നു പ്രിയാൻഷിന്റെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ 50 പന്തുകൾ നേരിട്ട പ്രിയാൻഷ് 120 റൺസ് അടിച്ചെടുത്തു. സെഞ്ചറി നേടിയ താരം ക്യാപ്റ്റൻ ആയുഷ് ബദോനിക്കൊപ്പം 286 റൺസാണു കൂട്ടിച്ചേർത്തത്. 

ജനയഗം ഓണ്‍ലൈന്‍ മോജോന്യൂസില്‍ വീണ്ടുംകാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും, വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ് സൈറ്റ്, യുടൂബ് ചാനലുകള്‍ സന്ദര്‍ശിക്കുക്

Exit mobile version