റവന്യു ഓഫീസുകൾ ജനസംഖ്യാനുപാതികമായി പുന: സംഘടിപ്പിച്ച് റവന്യു വകുപ്പ് മുഖേനയുള്ള സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കണമെന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ ആർ ഡി എസ് എ) ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യു ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചുകൊണ്ടും സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിച്ചുകൊണ്ടും റവന്യു വകുപ്പിനെ നവീകരിക്കണം. റവന്യു വകുപ്പിലെ വി എഫ് എ മാരുടെ അമ്പത് ശതമാനം എണ്ണം അപ്രഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫീസ് സമ്പ്രദായം ഒരുക്കണമെന്നും വിവിധ തസ്തികകളിലെ ജീവനക്കാരുടെ സേവന‑വേതന ഘടന സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. കരിനിയമങ്ങൾ നടപ്പിലാക്കി ജനജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാറിനെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര‑സംസ്ഥാന പൊതുമേഖലാ ജീവനക്കാർ ഒരു നൂതന സമൂഹത്തിന്റെ ആണിക്കല്ലായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ ആർ ഡി എസ് എ സംസ്ഥാന സെക്രട്ടറി ജെ ഹരിദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഖിലേഷ് കെ പി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൾ ജലീൽ ടി അധ്യക്ഷത വഹിച്ചു. കെ ആർ ഡി എസ് എ സെക്രട്ടറിയേറ്റംഗം സി പി മണി, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സജീന്ദ്രൻ ടി എം, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, ഐ ടി മിനി, ധന്യ കെപി, ആർ എസ് ഫൈസൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി അഖിലേഷ് കെ പി, പ്രസിഡന്റായി സുനിൽ കുമാർ പി, സംസ്ഥാന കമ്മിറ്റി അംഗമായി അബ്ദുൾ ജലീൽ ടി, ജില്ലാ ട്രഷററായി ആർ എസ് ഫൈസൽ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.