ലിത്വാനിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യൽ ഡെമോക്രാറ്റുകൾക്കനുകൂലമായി ആദ്യഘട്ട ഫലം. 70 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സോഷ്യൽ ഡെമോക്രാറ്റുകൾ 23 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. പ്രധാനമന്ത്രി ഇൻഗ്രിഡ സിമോണൈറ്റിന്റെ യാഥാസ്ഥിതിക ഹോംലാൻഡ് യൂണിയൻ 13 ശതമാനം വോട്ടുകള്‍ നേടി.
തെരഞ്ഞെടുപ്പിൽ ആദ്യമായി പങ്കെടുത്ത പോപ്പുലിസ്റ്റ് നെമുനാസ് ഡോൺ പാർട്ടി 18 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. സഖ്യ സർക്കാർ രൂപീകരിക്കാൻ മറ്റ് പാർട്ടികളുമായി ചര്‍ച്ച ആരംഭിക്കുമെന്ന് സോഷ്യൽ ഡെമോക്രാറ്റ് നേതാവ് വിലിജ ബ്ലിങ്കെവിസിയൂട്ട് പറഞ്ഞു. ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിലേക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്നതിനായി സമ്പന്നരുടെ നികുതി വര്‍ധിപ്പിച്ച് അസമത്വം പരിഹരിക്കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്‍ദാനം. അതേസമയം, ഉക്രെയ‍്ന്‍ യുദ്ധത്തിലുള്‍പ്പെടെ വിദേശനയത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ, ലിത്വാനിയൻ സർക്കാർ കീവിന് സെെനിക സഹായം നല്‍കിയിട്ടുണ്ട്. ഈ വർഷം മാത്രം 153 ദശലക്ഷം യൂറോ സഹായം നൽകിയെന്ന് സെപ്റ്റംബറിൽ പ്രതിരോധ മന്ത്രി ലൗറിനാസ് കാസിയോനാസ് പറഞ്ഞു.