രാജ്യത്ത് വധശിക്ഷ ഇല്ലാതാക്കുന്നത് ആലോചനയിലില്ലെന്ന് സുപ്രീം കോടതി. ഏഴ് വയസുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിചരാണ കോടതി വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.
വധശിക്ഷ ഇല്ലാതാക്കാനുള്ള ഒരു ശ്രമവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അര്‍ഹമായ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു. തീവ്രമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ നല്‍കാറുള്ളത്. എന്നു കരുതി ഇത്തരം ശിക്ഷകള്‍ ഒഴിവാക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ലൈംഗികാതിക്രമം പോലുള്ള കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നത് ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉപകരിക്കില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വാദം. നിയമ സംഹിതകളില്‍ നിലനിൽക്കുന്നിടത്തോളം കാലം ജുഡീഷ്യറിക്ക് വധശിക്ഷ അവഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്നും ഇത്തരം കേസുകളില്‍ ഇളവില്ലാത്ത ശിക്ഷയാണ് വിധിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇരയുടെ ദുര്‍ബലാവസ്ഥയും പ്രതി കുറ്റം ചെയ്ത രീതിയും കണക്കാക്കുമ്പോള്‍ കേസ് അങ്ങേയറ്റം നിഷ്ഠൂരമാണെന്ന് വിധിച്ച ബെഞ്ച് പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയില്ലെന്നും നിരീക്ഷിച്ചു.
ഏപ്രിലില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് നല്‍കിയിരുന്നു. പ്രതിയുടെ വികലമായ മനസ് നന്നാക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് നിരീക്ഷിച്ച് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് വധശിക്ഷ 20 വര്‍ഷത്തെ തടവായി ഇളവ് ചെയ്യുകയായിരുന്നു.
English Summary:Abolition of death penalty not on the agenda: Supreme Court
You may also like this video