Site icon Janayugom Online

വിപണിയിൽ വ്യാജന്മാർ ; പ്രതിസന്ധിയിലായി നാടൻ കോഴിവളർത്തൽ കർഷകര്‍

നാടൻ കോഴിമുട്ടയുടെ ഡിമാന്റ് വർധിച്ചതോടെ വിപണിയിൽ തമിഴ്നാട്ടിൽ നിന്നുള്ള വ്യാജമുട്ടകൾ വ്യാപകമാകുന്നു. തമിഴ്നാട് നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്. നാടൻ കോഴിമുട്ടകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. എന്നാൽ തവിട്ട് നിറമുള്ള നാടൻ കോഴിമുട്ടയുടെ ലഭ്യത കുറവായതിനാൽ 10 രൂപയോളം നൽകണം. അതേ സമയം വെള്ളനിറമുള്ള ലഗോൺ കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വില്പന വില 7.50 രൂപയാണ്. ഡിമാന്റ് കൂടിയതോടെ നാടൻ കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളും വിപണിയിൽ ലഭ്യമാണ്. ഹോർമോണും മറ്റും കുത്തിവച്ച്‌ വളർത്തുന്ന കോഴികളിൽ നിന്നാണ് ഇത്തരം മുട്ടകൾ ശേഖരിക്കുന്നത്. ചെറുകിട വ്യാപാരികൾ വ്യാജമുട്ട വില്പനയ്ക്കാണ് താല്പര്യം കാട്ടുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങി നാടൻ മുട്ടയുടെ അതേ വിലയ്ക്ക് വിൽക്കുകയും ചെയ്യാമെന്നതിനാൽ ഒരു മുട്ടയ്ക്ക് രണ്ടര രൂപയിലധികം ലാഭം ലഭിക്കും. കോഴികളിൽ ഹോർമോൺ കുത്തിവച്ചാണ് ഇത്തരം മുട്ടകൾ ഉല്പാദിപ്പിക്കുന്നത്. കയറ്റുമതി ചെയ്യുന്ന മുട്ടകൾക്ക് നിശ്ചിത തൂക്കം വേണ്ടതിനാൽ തരംതിരിച്ച്‌ മാറ്റുന്ന മുട്ടകളാണ് കേരളത്തിലേക്ക് കയറ്റിയയക്കുന്നത്. നാടൻ മുട്ടയ്ക്ക് ശരാശരി 45 ഗ്രാമാണ് തൂക്കം. തൂക്കം കുറവുള്ള മുട്ടകളിൽ രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ എന്നിവയുപയോഗിച്ച്‌ നിറം നൽകും. തവിട്ട് നിറം ലഭിക്കാന് പോർഫിറിന്‍ എന്ന പിഗ്മന്റും ഉപയോഗിക്കാറുണ്ട്. വില വർധിച്ചിട്ടും നാടൻ മുട്ടയ്ക്ക് ഡിമാന്റ് കൂടുതലാണെന്നിരിക്കെ വ്യാജമുട്ടകൾ വിപണി നിറഞ്ഞതോടെ നാടൻ കോഴിവളർത്തൽ കർഷകര്‍ പ്രതിസന്ധിയിലായി. കുറഞ്ഞ മുതൽമുടക്കിൽ ഇപ്പോള്‍ നാടൻ കോഴിവളർത്തൽ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിൽ കോഴിത്തീ​റ്റ വില വർധനവും വ്യാജമുട്ടയും കർഷകർക്ക് തിരിച്ചടിയായി. 50 കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 1430 മുതൽ 1560 രൂപയാണ് വില. ഇത്തരം കാരണങ്ങളാല്‍ കോഴി വളർത്തലിൽ നിന്ന് പിൻവാങ്ങാനൊരുങ്ങുകയാണ് കർഷകർ.

Exit mobile version