Site iconSite icon Janayugom Online

വീടും സ്ഥലവും അങ്കണവാടിക്ക് വിട്ടുനൽകി 
വീട്ടമ്മ നാടിന് അഭിമാനമായി

സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും അങ്കണവാടി നിർമ്മിക്കാൻ പഞ്ചായത്തിന് വിട്ടുനൽകിയ വീട്ടമ്മ നാടിന് അഭിമാനമായി. തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ ലീല കൃഷ്ണനാണ് നാടിന് മാതൃകയായത്. ആറ് വർഷം മുമ്പാണ് ലീലയുടെ ഭർത്താവ് കൃഷ്ണൻ മരണമടഞ്ഞത്. കുട്ടികൾ ഇല്ലാത്ത ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. ഒരിഞ്ചു ഭൂമിയ്ക്കായി സഹോദരങ്ങളും അയൽവാസികൾ തമ്മിലും വഴക്കടിക്കുന്ന ഈ കാലഘട്ടത്തിലാണ് തനിക്ക് സ്വന്തമായുണ്ടായിരുന്ന മൂന്നു സെന്റ് ഭൂമിയും അതിലുണ്ടായിരുന്ന വീടും സമൂഹനന്മ മനസിലാക്കി അങ്കണവാടി നിർമ്മിക്കാനായി പഞ്ചായത്തിനു വിട്ടു കൊടുത്തത്.

നാലാം വാർഡിലെ അങ്കണവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കണമെന്ന തന്റെ ആഗ്രഹം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. മരണം വരെ ലീലയ്ക്ക് താമസിക്കാൻ അംഗനവാടിയോടു ചേർന്ന് ഒരു മുറിയും പഞ്ചായത്ത് അധികൃതർ പകുത്തു നൽകി. ഈ നന്മയ്ക്ക് അർഹമായ അംഗികാരം എന്ന നിലയിൽ കെ പി എം എസ് 524 ശാഖാംഗവുമായ ലീല ക്യഷ്ണന് ശാഖ ഭാരവാഹികൾ ആദരവ് നൽകി. ചടങ്ങിൽ പ്രസിഡന്റ് വി വസന്തകുമാർ ലീലകൃഷ്ണന് പൊന്നാട അണിയിച്ചു. സെക്രട്ടറി ടി ദേവരാജൻ സ്വാഗതവും ഓഫീസ് സെക്രട്ടറി നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളായ ശാരിക, ജയരാജ്, ജോതി, പ്രഭാർജി എന്നിവർ നേതൃത്വം നൽകി.

Exit mobile version