Site iconSite icon Janayugom Online

വൈറൽ പനിയുടെ പിടിയിൽ ജില്ല

കോവിഡിനെ വെല്ലുന്ന രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ക്ഷീണവുമായി വൈറൽ പനി പടരുന്നു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം 5 ദിവസത്തിനിടെ ചികിത്സ തേടിയത് നിരവധി പേർ. സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. ഓണത്തിന് ശേഷമാണ് വീണ്ടും പനി വ്യാപകമായത്. കോവിഡിനേക്കാൾ രൂക്ഷമായ പേശി വേദനയും ചുമയും കഫക്കെട്ടുമാണ് ലക്ഷണങ്ങൾ. ഒരാൾക്ക് പനി വന്നാൽ വീട്ടിലുള്ള എല്ലാവര്‍ക്കും പടരുന്നു. വന്നവർക്ക് വീണ്ടും വരുന്നുമുണ്ട്. കുട്ടികളിലാണ് കൂടുതൽ. രണ്ടുമൂന്നു ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടു നിൽക്കും.

സർക്കാർ‑സ്വകാര്യ ആശുപത്രികളിൽ പനി ബാധിതരുടെ തിരക്കാണ്. കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മറ്റേതെങ്കിലും വൈറസ് വകഭേദം പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല. മാറി മാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുകയാണ്. പനി ബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതൽ ഉണ്ടാകാമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു. എന്നാൽ, പരിശോധനകൾ ഇല്ലാത്തത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസമാകുന്നുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് പനി മാറുന്നതിനാൽ ആരും പരിശോധന നടത്താൻ തയാറാകുന്നില്ല. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം.

സാധാരണ വൈറൽ പനി ഭേദമാകാൻ 3 മുതൽ 5 ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. മാസ്ക് ധരിക്കുന്നതു കോവിഡിനൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് താഴ്ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കുമെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും വിവിധ മേഖലകളിൽ പടരുന്നുവെന്ന ആശങ്കയും മുന്നിലുണ്ട്.

Exit mobile version