സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ കുതിപ്പ്. 98 ഇനങ്ങളില്‍ 45 എണ്ണം അവസാനിച്ചപ്പോള്‍ 109 പോയിന്റാണ് പാലക്കാട് ജില്ലയിലെ താരങ്ങള്‍ നേടിയത്. 13 സ്വര്‍ണവും 12 വെള്ളിയും എട്ട് വെങ്കലവും നേടിയാണ് പാലക്കാട് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയ്ക്ക് 54 പോയിന്റുകളാണ് ലഭിച്ചത്. ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമാണ് എറണാകുളത്തിന്റെ നേട്ടം. അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 45 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
രണ്ടാം ദിനത്തിലെ ഏക മീറ്റ് റെക്കോഡ് പാര്‍വണ ജിതേഷിനാണ്. കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ പാര്‍വണ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 10.11 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡിന് അര്‍ഹയായത്.
സ്കൂളുകളില്‍ മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലത്തിനെ പിന്നിലാക്കി രണ്ടാം ദിനത്തില്‍ മലപ്പുറം ഐഡിൽ ഇഎച്ച്എസ്എസ് കടക്കാശ്ശേരി കുതിച്ചു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 37 പോയിന്റുമായി ഐഡിയല്‍ ഒന്നാമതും നാലു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 30 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്. മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 28 പോയിന്റുമായി കെഎച്ച്എസ് കുമരംപുത്തൂരാണ് മൂന്നാം സ്ഥാനത്ത്.
തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ അനുരാഗ് സി വിയും പാലക്കാട് പുളിയമ്പറമ്പ് ജിഎച്ച്എസ്എസിന്റെ മേഘ എസും സംസ്ഥാന സ്കൂള്‍ കായിക മേളയുടെ വേഗതാരങ്ങളായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.90 സെക്കന്റിലാണ് അനുരാഗ് ഫിനിഷ് ചെയ്തപ്പോള്‍ 12.23 സെക്കന്റില്‍ മേഘ ഫിനിഷിങ് പോയിന്റ് കടന്നു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം കടാശ്ശേരി ഐഡിയല്‍ സ്കൂലിന്റെ അലന് മാത്യു 11.39 സെക്കന്റിലാണ് സ്വര്‍ണമണിഞ്ഞത്. 12.80 സെക്കന്റിലാണ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസിന്റെ താര ജി സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ ജാഹിര്ഖാനും പെണ്‍കുട്ടികളില്‍ കണ്ണൂര്‍ സായിയുടെ ശ്രീനന്ദ കെയും സ്വര്‍ണം നേടി. ശ്രീനന്ദ 13.72 സെക്കന്റിലും ജാഹിര്‍ഖാന്‍ 12.43 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്.
English Summary:State School Sports Festival; Palakkad boom continues
You may also like this video