Site iconSite icon Janayugom Online

സിഎൻജി വില കുതിക്കുന്നു; വാഹനം വാങ്ങിയവർ ആശങ്കയിൽ

പെട്രോൾ ഡീസൽ വിലവർധനവിൽ ചെറിയ ആശ്വാസമായിരുന്ന സിഎൻജിയുടെ വിലയും കുതിച്ചുയരുന്നു. ഇന്ത്യൻ ഓയിൽ, അഡാനി ഗ്യാസ് ലിമിറ്റഡ് എന്നിവയുടെ സിഎൻജി വില പല ജില്ലയിലും വ്യത്യസ്തമാണ്. കൊച്ചിയിൽ ഇന്നലെ 91 രൂപയായിട്ടാണ് വർധിച്ചിരിക്കുന്നത്. ഈ വർഷം തന്നെ നിരവധി തവണയാണ് ഇത്തരത്തിൽ കമ്പനി വില ഉയർത്തിയത്. എന്നാൽ തൊട്ടടുത്ത ആലപ്പുഴ ജില്ലയിൽ സിഎൻജി വില ഇപ്പോഴും 83 രൂപയാണ്. എജി ആന്റ് പി എന്ന കമ്പനിയാണ് അവിടുത്തെ വിതരണക്കാർ.
കൊച്ചി കളമശേരിയിലെ ഫില്ലിങ് സെന്ററിൽ നിന്ന് വാഹനത്തിലാണ് ആലപ്പുഴയിൽ ഇന്ധനമെത്തിക്കുന്നത്. എന്നിട്ടും കൊച്ചിയിലേക്കാൾ പത്ത് രൂപ കുറച്ചാണ് അവിടുത്തെ വില്പന. 

പൊതുഗതാഗത രംഗത്തുള്ള ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളാണ് പ്രധാനമായും സിഎൻജി ഉപയോഗിക്കുന്നത്. സ്വകാര്യ കാറുകളുടെ എണ്ണവും കുറവല്ല. പെട്രോളിയം ഇന്ധനങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെന്ന വാഹന നിർമ്മാതാക്കളുടെ പരസ്യ വാചകങ്ങളെ വിശ്വസിച്ചാണ് പലരും സിഎൻജിയിലേക്ക് മാറിയത്. അതിനായി ഉയർന്ന വില നൽകി പുതിയ വാഹനങ്ങളും വാങ്ങി.
കാറുകൾക്ക് പെട്രോൾ മോഡലുകളെ അപേക്ഷിച്ച് ഒരു ലക്ഷം രൂപയെങ്കിലും അധികമായി കമ്പനികൾ ഈടാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയിലധികം ചെലവാക്കിയാണ് നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് സിഎൻജിയിലേക്ക് മാറ്റിയത്. ഓട്ടോറിക്ഷയുടെ സ്ഥിതിയും ഇത് തന്നെ. ഇപ്പോൾ ഡീസൽ വിലയ്ക്ക് തൊട്ടടുത്ത് എത്തിയിരിക്കുന്ന വില വർധനവ് മൂലം നിലവിൽ സിഎൻജി ഒട്ടും ലാഭകരമല്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. 

ദിവസേന കൂടുതൽ ദൂരം ഓടുന്ന വാഹനങ്ങൾക്കാണ് സിഎൻജി ലാഭകരമെന്ന് പറഞ്ഞിരുന്നത്. എന്നാൽ അത്തരക്കാർ ഭാവിയിൽ കൂടുതൽ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണ്. അടിക്കടിയുള്ള വിലക്കയറ്റം വാഹന വില്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യക്കാർ കുറഞ്ഞതോടെ സിഎൻജി സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ വിലയും കുത്തനെയിടിഞ്ഞു. നഗരത്തിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികളെയാണ് വർധന ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നിലവിലെ നിരക്കിൽ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ. എന്നാൽ നഷ്ടം സഹിച്ചാണ് നിലവിലെ സിഎൻജി വിതരണമെന്നാണ് കമ്പനി അധികൃതരുടെ വാദം. ഇനിയും വില ഉയർന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 

Eng­lish Summary:CNG price hike; Those who bought the vehi­cle are worried
You may also like this video

Exit mobile version