Site iconSite icon Janayugom Online

സുഗതകുമാരിയുടെ ‘പയസ്വിനി’ ഇനി സ്‌കൂൾ അങ്കണത്തിലേക്ക്

കവയിത്രി സുഗതകുമാരി നട്ട ‘പയസ്വിനി’ എന്ന പേരായ മാവ് ഇനി താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തിൽ കുട്ടികൾക്കു മാങ്കനിയും തണലുമേകും. ഏറെ ശാഖകളുള്ളതും 16 വര്‍ഷം പ്രായമുള്ളതുമായ മാവ് ഇന്ന് മാറ്റി നടും. ആറുവരിയിലേക്കുള്ള ദേശീയപാത 66ന്റെ വികസനത്തിനു വഴിയൊരുക്കാനാണ് കാസർകോട് ടൗണില്‍ പുതിയ ബസ് സ്റ്റാന്റി സമീപത്ത് നിൽക്കുന്ന പയസ്വിനിയെ സ്കൂളങ്കണത്തിലേക്കു മാറ്റുന്നത്. മാവിന് വലിയ പരിക്കുകളൊന്നുമില്ലാതെയുള്ള ശാസ്ത്രീയമായ മാറ്റിനടൽ ഏറ്റെടുത്തിരിക്കുന്നത് ദേശീയപാതാവികസനത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. പൂവിട്ടുനില്‍ക്കുന്ന കാലം കഴിയുന്നതിനായി കാത്തുനിന്നിട്ടാണ് ഈ മാറ്റി നടൽ. മൂന്നുദിവസം നീളുന്ന പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കമായി. മാറ്റിനടുന്ന സ്ഥലത്ത് രണ്ടര മീറ്റര്‍ നീളവും വീതിയും 2.2 മീറ്റര്‍ ആഴവുമുള്ള കുഴി തയ്യാറായിട്ടുണ്ട്. ഇന്നലെ മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രെഞ്ച് എടുത്തു. ഒരു മീറ്റര്‍ വരെ നേരെ താഴേക്കും പിന്നെയുള്ള ഒരു മീറ്റര്‍ 45 ഡിഗ്രി ചരിച്ചുമാണ് ട്രെഞ്ച് എടുത്തത്. ഒന്നര മീറ്റര്‍ ചുറ്റളവിന് വെളിയിലുള്ള വേരുകളുടെ ഭാഗം നീക്കം ചെയ്ത് മരത്തിന്റെ വേരുകളിരിക്കുന്ന മണ്‍കട്ട അനങ്ങാതിരിക്കാൻ ട്രെഞ്ച് എടുത്ത വശങ്ങളില്‍ പ്ലൈവുഡ് ഫ്രെയിമുകള്‍ ഉറപ്പിച്ച് ബോക്‌സ് ആക്കുകയും മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടുകയും ചെയ്തതോടെ പറിച്ചുനടലിന് മാവ് തയ്യാര്‍. ഇന്ന് രാവിലെ 10നാണു മാറ്റിനടൽ. മാറ്റിനട്ട ശേഷം ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്‍കും. എല്ലാ ദിവസവും വെള്ളമൊഴികാനും ഊരാളുങ്കൽ സൊസൈറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പും വനം വകുപ്പുമാണ് ഈ വൃക്ഷസംരക്ഷണപ്രവർത്തനത്തിനു നേതൃത്വം നല്‍കുന്നത്. മരം മാറ്റിനടുന്നതു സംബന്ധിച്ച് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. സീഡ് ക്ലബ്ബുമായി സഹകരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പ്രവൃത്തി നടപ്പിലാക്കുക. ഇതിനു നൂതനസാങ്കേതികവിദ്യകളാണ് സൊസൈറ്റി ഉപയോഗപ്പെടുത്തുന്നത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാൻ നടന്ന പരിപാടിയുടെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ഈ മാവ് നട്ടത്. സുഗതകുമാരിതന്നെയാണ് പയസ്വിനി എന്നു പേരിട്ടതും. സുഗതകുമാരിയുടെ മരണശേഷം വിദ്യാര്‍ത്ഥികളടക്കം ഇവിടെയെത്തി കവയിത്രിയുടെ ഓര്‍മദിനം ആചരിക്കുന്ന പതിവുണ്ടായിരുന്നു. ദേശീയപാതാവികസനഘട്ടം വന്നപ്പോള്‍ മാവ് മുറിച്ചുമാറ്റുന്നതിനു പകരം മാറ്റിസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതിപരിപാലനം, നെറ്റ് സീറോ എമിഷൻ തുടങ്ങിയ മേഖലകളിൽ സൊസൈറ്റി നടപ്പാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആർ കീര്‍ത്തി, 2006ല്‍ നഗരഹൃദയത്തില്‍ പയസ്വിനി മാവ് നടാന്‍ നേതൃത്വം നല്‍കിയ കാസർകോട് പീപ്പിള്‍സ് ഫോറം പ്രതിനിധികള്‍, എന്‍സിസി-എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, വനം വകുപ്പ്, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version