ഉക്രെയ്‍നുമായുള്ള സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. സെെനിക നടപടിക്ക് അനുവാദം നല്‍കിയത് ശരിയായ തീരുമാനമായിരുന്നെന്നും പുടിന്‍ പറഞ്ഞു. ഒരു വശത്ത്, ഞങ്ങൾ ആളുകളെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു, മറുവശത്ത്, റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഉദ്ദേശിച്ചരീതിയില്‍ തന്നെയാണ് സെെനിക നടപടി പുരോഗമിക്കുന്നത്. നഷ്ടങ്ങള്‍ കുറച്ച് ലക്ഷ്യസ്ഥാനത്തെത്തുകയാണ് റഷ്യയുടെ ഉദ്ദേശം. സൈനിക നടപടിയുടെ അവസാനം, പോരാട്ടത്തിന്റെ തീവ്രതയെ ആശ്രയിച്ചാണുള്ളതെന്നും പുടിന്‍ പറഞ്ഞു. ഇസ്‍താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചകളിലെ കരാറുകളില്‍ നിന്ന് ഉക്രെയ്‍ന്‍ വ്യതിചലിച്ചതായും പുടിന്‍ ആരോപിച്ചു. ഡോൺബാസ് മേഖലയിൽ റഷ്യൻ സംസാരിക്കുന്ന ജനങ്ങൾക്കെതിരെ നടത്തുന്ന വംശഹത്യ ഇനിയും സഹിക്കാനാകില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ നടത്തുന്ന ഉപരോധ സമരങ്ങളെയും പുടിന്‍ വിമര്‍ശിച്ചു. റഷ്യന്‍ സാമ്പത്തിക സംവിധാനം മെച്ചപ്പെട്ട നിലയിലാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ തികഞ്ഞ പരാജയമാണ്. പാശ്ചാത്യ നേതാക്കള്‍ക്ക് സാമാന്യബുദ്ധി നശിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങൾ റഷ്യൻ ജനതയെ ഒന്നിപ്പിക്കുകയാണെന്ന വസ്തുത പാശ്ചാത്യ രാജ്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ബുച്ചയില്‍ നടന്ന കൂട്ടക്കൊലപാതങ്ങളുടെതെന്ന രീതിയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നും പുടിന്‍ ആരോപിച്ചു. സാധാരക്കാരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആരോപണങ്ങളും പുടിന്‍ നിഷേധിച്ചു.
അതേസമയം, ബുച്ചയില്‍ നിന്ന് 403 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉക്രെയ്‍ന്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സിറ്റി മേയര്‍ പറയുന്നത്. മരിയുപോളില്‍ മാത്രം 10,000 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സിറ്റി മേയറുടെ ഔദ്യോഗിക കണക്ക്. തലസ്ഥാന നഗരമായ കീവില്‍ ആറ് പേര്‍ റഷ്യന്‍ സെെന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ അറിയിച്ചു.
മരിയുപോളില്‍ റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന വിവരങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉക്രെയ്‍ന്‍ പ്രതിരോധ സഹമന്ത്രി ഹന്ന മല്യാര്‍ പറഞ്ഞു. രാസായുധം പ്രയോഗിച്ചെന്ന ആരോപണം റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ സൈന്യം നടത്തിയതായി ആരോപിക്കപ്പെടുന്ന 6,000 ത്തിലധികം യുദ്ധക്കുറ്റങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് ഉക്രെയ്‍ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ അറിയിച്ചു.
English Summary:Military action appropriate decision: Vladimir Putin
You may also like this video