Site icon Janayugom Online

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗണിത പഠനനിലവാരം കുറയുന്നു

സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗണിത പഠനനിലവാരം കുറയുന്നതായി റിപ്പോര്‍ട്ട്. ഒറ്റഅക്ക സംഖ്യകളെ തിരിച്ചറിയാന്‍ കഴിയാത്ത കുട്ടികളുടെ എണ്ണവും കൂടുതലാണ്. രാജ്യവ്യാപകമായി കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തെ സംബന്ധിച്ചും പഠനനിലവാരത്തെ സംബന്ധിച്ചും (ഗ്രാമപ്രദേശങ്ങളിലെ) വിലയിരുത്തുന്നതിനുള്ള സര്‍വേയായ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്-റൂറല്‍ (എഎസ്ഇആര്‍ ) ന്റെ 2022 ലെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗണിതശേഷി 2018 ല്‍ 48.5 ശതമാനം ആയിരുന്നത് 2022 ല്‍ 38.6 ശതമാനം ആയി കുറഞ്ഞു.
ദേശീയതലത്തില്‍ ഇത് 25.9 ശതമാനമാണ്. അഞ്ചാം ക്ലാസില്‍ ഹരണക്രിയ ചെയ്യുന്നതിനുള്ള കഴിവ് കേരളത്തില്‍ 2018 ല്‍ 43.0 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 26.6 ശതമാനം ആയി കുറഞ്ഞു. എട്ടാം ക്ലാസില്‍ ഹരണക്രിയ ചെയ്യാനുള്ള കഴിവ് 2018 ല്‍ 51.8 ശതമാനം ആയിരുന്നപ്പോള്‍ 2022 ല്‍ ഇത് 44.4 ശതമാനമായി. 

സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ ഒറ്റ അക്ക സംഖ്യ തിരിച്ചറിയാന്‍ കഴിയാത്ത നിരവധി കുട്ടികളുണ്ടെന്നാണ് പഠനറിപ്പോര്‍ട്ട്. ഒന്നാംക്ലാസില്‍ 10.8 ശതമാനം കുട്ടികള്‍ക്ക് ഒറ്റഅക്ക സംഖ്യ തിരിച്ചറിയാന്‍ കഴിയുന്നില്ല. രണ്ടാംക്ലാസില്‍ 3.9 ശതമാനവും. മൂന്നാം ക്ലാസില്‍ 1.4 ശതമാനം പേര്‍ക്കും ഒറ്റഅക്ക സംഖ്യതിരിച്ചറിയാന്‍ സാധിക്കാത്തപ്പോള്‍ നാലും അഞ്ചും ക്ലാസുകളിലും ഇതേ ശതമാനം കുട്ടികള്‍ തന്നെയുണ്ട്. നാലാംക്ലാസില്‍ 1.5 ശതമാനവും അഞ്ചാംക്ലാസില്‍ 1.4 ശതമാനവുമാണ് ഈ വിഭാഗത്തില്‍ ഉളളത്. 0.2 ശതമാനം ആറാംക്ലാസിലും 0.7 ശതമാനം ഏഴാംക്ലാസിലും ഉള്ളപ്പോള്‍ എട്ടാം ക്ലാസിലും 0.4 ശതമാനം പേര്‍ ഒറ്റഅക്ക സംഖ്യതിരിച്ചറിയാന്‍ പറ്റാത്തവരാണ്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള പഠനം ലഭിക്കാത്തത് മൂലമായിരിക്കാം ഗണിതപഠനനിലവാരം കുറഞ്ഞതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. എങ്കിലും സര്‍വേ ഫലത്തെ ഗൗരവത്തോടെ കണ്ട് പഠനനിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് വകുപ്പ്. സമഗ്ര ശിക്ഷാകേരളയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികളുടെ ഗണിതപരമായ പഠനനിലവാരം വര്‍ധിപ്പിക്കുന്നതിന് ഗണിതവിജയം, ഉല്ലാസഗണിതം ഗണിതോത്സവം, ഗണിതപാര്‍ക്ക്, ഗണിത നിലാവ്, ഗണിത കിറ്റ്, ശാസ്ത്രപഥം എന്നീ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എസ്‌സിഇആര്‍ടിയുടെ ആഭിമുഖ്യത്തില്‍ ന്യൂമാറ്റ്സ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. 

Eng­lish Summary;Mathematics learn­ing stan­dards of school stu­dents are declining
You may also like this video

Exit mobile version