Site iconSite icon Janayugom Online

ഹരിതാഭ വിടര്‍ത്തുന്നത് 505 പച്ചത്തുരുത്തുകള്‍ ; സംസ്ഥാന തലത്തില്‍ കാസര്‍കോട് ജില്ല ഒന്നാമത്

നിലവിലുള്ള കാര്‍ഷിക ഭൂമിയുടേയോ വനഭൂമിയുടേയോ ഘടനക്ക് മാറ്റമൊന്നും വരുത്താതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു / സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറു വനങ്ങളായ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതില്‍ സംസ്ഥാനത്ത് തന്നെ ജില്ല ഒന്നാമത്. 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 124.92 ഏക്കറില്‍ 505 പച്ചത്തുരുത്തുകളാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ നട്ടുപിടിപ്പിച്ച 77894 വൃക്ഷത്തൈകളാണ് ഇപ്പോള്‍ ചെറുവനമായിമാറിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതിന്റെ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ് പച്ചത്തുരുത്തുകള്‍. സ്‌കൂള്‍ പരിസരങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും സ്വാഭാവിക ചെറു വനങ്ങളുണ്ടാക്കി ആവാസ വ്യവസ്ഥയെ തിരികെ പിടിച്ച് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചെറുക്കാനുള്ള കര്‍മ്മ പദ്ധതിയായാണ് സംസ്ഥാന സര്‍ക്കാര്‍ പച്ചത്തുരുത്തുളുടെ രൂപത്തില്‍ അവതരിപ്പിച്ചത്. ജലസംരക്ഷണം, കൃഷി, മാലിന്യ സംസ്‌കരണം എന്നീ മൂന്നു മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന തീര്‍ത്തും നവീനമായ ഒരു കാഴ്ചപ്പാടാണ് പച്ചത്തുരുത്തുകള്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടത്തി വരുന്നത്. 2019 ജൂണ്‍ 5ന് അന്നത്തെ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ആ വര്‍ഷം ജില്ലയില്‍ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 89 പച്ചത്തുരുത്തുകളാണ് നിര്‍മ്മിച്ചെടുത്തത്. 2020 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലാകെ 342 പച്ചത്തുരുത്തുകള്‍ പുതുതായി തുടങ്ങി. അങ്ങനെ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 431 പച്ചത്തുരുത്തുകള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. 2020 ല്‍ പിരിഞ്ഞു പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓര്‍മ്മത്തുരുത്തായി പന്ത്രണ്ടും, പുതുതായി വന്ന ഭരണ സമിതിയുടെ പേരില്‍ പത്തും ജില്ലാ പഞ്ചായത്തിന്റെ ‘വസുധ’ പ്രോജക്ടിന്റെ ഭാഗമായി പന്ത്രണ്ടും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കപ്പെട്ടു. പിന്നീട് കഴിഞ്ഞവര്‍ഷം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 5 പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം വിവിധ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചെടുത്തു. ജില്ലയില്‍ നിലവില്‍ 4 മിയാവാക്കി പച്ചത്തുരുത്തുകളുമുണ്ട്. തൃക്കരിപ്പൂരിലെ നടക്കാവ്, കാഞ്ഞങ്ങാട് നഗരസഭയിലെ മോനാച്ച, ഉദുമയിലെ ബേക്കല്‍, ചെങ്കളയിലെ വിദ്യാനഗര്‍ എന്നിവിടങ്ങളിലാണവ സ്ഥാപിച്ചിട്ടുള്ളത്. വലിയ പച്ചത്തുരുത്തായത് പൈവളിഗെ പഞ്ചായത്തിലെ കനിയാല്‍ത്തടക്ക പച്ചത്തുരുത്താണ്. 7.75 ഏക്കര്‍ പ്രദേശത്ത് 1000 വൃക്ഷതൈകളാണ് ഇവിടെ നട്ട് പരിപാലിക്കുന്നത്. 2020 മെയ് ആറിനാണ് ഈ പച്ചത്തുരുത്ത് ഒരുക്കിയത്. ഏറ്റവും കൂടുതല്‍ വൃക്ഷങ്ങളുള്ള പച്ചത്തുരുത്ത് കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്തെ ശാസ്തംപാറയാണ്. ഏഴ് ഏക്കര്‍ പ്രദേശത്ത് 2900 വൃക്ഷങ്ങളാണ് ഇവിടെ നട്ട് പരിപാലിച്ചു വരുന്നത്. 2020 മെയ് 20നാണ് ഇവിടെ പച്ചത്തുരുത്ത് തീര്‍ത്തത്. പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ സ്‌കൂളില്‍ തീര്‍ത്ത അംഗടിമുഗര്‍ പച്ചത്തുരുത്ത് അഞ്ച് ഏക്കര്‍ പ്രദേശത്ത് ആയിരം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നുണ്ട്. 2020 മെയ് ആറിനാണ് അംഗടിമുഗര്‍ പച്ചത്തുരുത്ത് ഒരുക്കിയത്.

കൂടുതല്‍ പച്ചത്തുരുത്തുകള്‍ ഇവിടെ

161 പച്ചത്തുരുത്തുകളൊരുക്കിയ മടിക്കൈ പഞ്ചായത്താണ് ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാമത്. 80 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജില്ലയിലും സംസ്ഥാനത്തിലും രണ്ടാമതായി. ബ്ലോക്ക് അടിസ്ഥാനത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചയാത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 176 പച്ചത്തുരുത്തുകള്‍ തീര്‍ത്തപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ 181 പച്ചത്തുരുത്തുകളൊരുങ്ങി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 61, കാറഡുക്ക ബ്ലോക്ക് പരിധിയില്‍ 27 പച്ചത്തുരുത്തുകളൊരുങ്ങി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 13, മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 21 പച്ചത്തുരുത്തുകള്‍ തീര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭ 4, കാസര്‍കോട് നഗരസഭ 19, നീലേശ്വരം നഗരസഭ 3 എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളൊരുക്കിയത്.

 

ഒന്‍പത് മാതൃകാ പച്ചത്തുരുത്തുകള്‍

കാസര്‍കോട് ജില്ലയിലുള്ളത് ഒന്‍പത് മാതൃകാ പച്ചത്തുരുത്തുകള്‍. നാലിലാങ്കണ്ടം, ചിറപ്പുറം, കൊവ്വല്‍, പൂണ്ടൂര്‍, കാഞ്ഞിരപ്പൊയില്‍, നടക്കാവ് കാപ്പ്കുളം, കിദൂര്‍ കുണ്ടരടുക്ക, താമരക്കുളം പരിസരം, മലപ്പച്ചേരി മന്തോപ്പ് എന്നിവയാണ് ജില്ലയിലെ മാതൃകാ പച്ചത്തുരുത്തുകള്‍. കയ്യൂര്‍ — ചീമേനി ഗ്രാമ പഞ്ചായത്തിലെ നാലിലാങ്കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കോമ്പൗണ്ടിലെ പച്ചത്തുരുത്ത് 3 ഏക്കര്‍ 30 സെന്റ് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നതാണ്. അപൂര്‍വ്വമായ നിരവധി സസ്യങ്ങള്‍ അടക്കമുള്ള ഈ പച്ചത്തുരുത്തിനെ ജില്ലാ പഞ്ചായത്ത് ജില്ലാ ജൈവ വൈവിധ്യ പഠന കേന്ദ്രമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ചെങ്കള പഞ്ചായത്തിലെ പൂണ്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ 40 സെന്റ് സ്ഥലത്താണ് പുണ്ടൂര്‍ പച്ചത്തുരുത്ത്. അത്തി, ആല്‍, അരയാല്‍, തുളസി, കാഞ്ഞിരം, മാവ്, പ്ലാവ്, പേര, ചെറുനാരകം, കടച്ചക്ക ‚തെങ്ങ്, ഫാഷന്‍ ഫ്രൂട്ട്, വെറ്റില, കുരുമുളക്, ലക്ഷ്മീ തരു, വേപ്പ്, പനി കൂര്‍ക്ക, മുറി കൂട്ടി, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, രാമച്ചം, നന്നാറി. ചെമ്പരത്തി, കറ്റാര്‍വാഴ, മൈലാഞ്ചി. വയമ്പ്, മന്ദാരം, പിച്ചി .മുല്ല, മല്ലിക, നെല്ലി, ചാമ്പ, കറിവേപ്പ്, വെള്ളില, തിപ്പലി, ചന്ദനം, പുളി താള്, കറുക, തഴുതാമ തുടങ്ങിയ 200 ഔഷധ ചെടികളാണ് ഇവിടെയുള്ളത്.

 

മാതൃകാ വനവത്ക്കരണം

മാതൃകാ വൃക്ഷ വത്ക്കരണത്തിന്റെ ഭാഗമായി കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തേജസ്വിനി പുഴയുടെ തീരത്ത് മുക്കട മുതല്‍ കിനാനൂര്‍ വരെ 10 കിലോമീറ്റര്‍ നീളത്തിലായി 5000 കണ്ടല്‍ വിത്തുകള്‍ നട്ടുപിടിപ്പിച്ചു. നീലേശ്വരത്ത് ജനകീയം വീഥി — കഞ്ഞിക്കുഴി ശ്മശാനം റോഡിന്റെ ഇരുവശവും നാട്ടുകാരുടെ സഹകരണത്തോടെ ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് റോഡിനെ ‘ജനകീയം വീഥി ‘യാക്കി മാറ്റി. ബേഡഡുക്ക പഞ്ചായത്തില്‍ ബേഡകപ്പാത എന്ന പുതിയ ഒരു ആശയത്തിന് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കടന്നു പോകുന്ന പ്രധാന റോഡിന്റ ഇരുവശവും പൂന്തോട്ട നിര്‍മ്മാണവും ഫലവൃക്ഷ തൈകള്‍ നടുന്നതുമാണ് പരിപാടി.

Exit mobile version