Site icon Janayugom Online

ഹോട്ടൽ ജീവനക്കാരനായ ആസാംകാരനെ മർദ്ദിച്ച മൂന്നംഗ സംഘം പിടിയിലായി

തൊടുപുഴ: ഹോട്ടല്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മർദ്ദിച്ച മൂന്നംഗ സംഘം പിടിയിലായി. മങ്ങാട്ടുകവലയിലെ മുബാറക്ക് ഹോട്ടല്‍ ജീവനക്കാരനായ നജ്രള്‍ ഹഖി (35) നാണ് മര്‍ദനമേറ്റത്. സംഭവത്തിൽ തൊടുപുഴ വെളിയത്ത് ബിനു (42), അറക്കുളം മുളയ്ക്കല്‍ വിഷ്ണു (27),വെള്ളൂർകുന്നം പെരുമറ്റം ചേനക്കരകുന്നേല്‍ നിബുന്‍ (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 19ന് നടന്ന സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ ലഭിച്ചതോടെ കേസടുത്ത പൊലീസ് മൂന്നു പേരെയും അറസ്റ്റു ചെയ്യുകായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂവരും ഭക്ഷണം കഴിച്ചതിനു ശേഷം ബാക്കി വന്ന ഭക്ഷണം പാഴ്സല്‍ നല്‍കണമെന്നും ഇതോടൊപ്പം കൂടുതല്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്നും ജീവനക്കാരനായ നജൂളിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹോട്ടൽ ഉടമയറിയാതെ ഭക്ഷണം സൗജന്യമായി നൽകാൻ ജീവനക്കാരന്‍ വിസമ്മിതിക്കുകയായിരുന്നു. ഇതോടെ പ്രകോപിതരായ സംഘം ക്രൂര മര്‍ദ്ദനം അഴിച്ച് വിടുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു. കൂര്‍ത്ത മുനയുള്ള ലോഹത്തിന്റെ ഇടി വള ഉപയോഗിച്ച് മുതുകിലും തലയിലും മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ക്രൂരമര്‍ദ്ദനമേറ്റ് തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ നജ്രള്‍ ഹഖിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം പൊലീസില്‍ പരാതി നല്‍കാൻ ഒരുങ്ങിയെങ്കിലും സംഘം ജീവനക്കാരനെതിരെ വധഭീഷണി മുഴക്കിയതിനാൽ ഇയാള്‍ പൊലീസിനു മൊഴി നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍ സംഭവം പുറത്തറിയുകയും മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ബുധനാഴ്ച കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. 

Exit mobile version