ഹരിയാനയില്‍ 1.17 കോടി രൂപയ്ക്ക് ലേലത്തില്‍ പോയ എച്ച്ആര്‍ 88 ബി 8888 ഫാന്‍സി നമ്പര്‍ വീണ്ടും ലേലം ചെയ്യും. ലേലക്കാരന്‍ നിശ്ചിത കാലയളവിനുള്ളില്‍ തുക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പുനര്‍ ലേലം നടക്കുക.
റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് കമ്പനിയുടെ ഡയറക്ടറായ സുധീര്‍ കുമാറാണ് എച്ച്ആര്‍ 88ബി8888 എന്ന വിഐപി നമ്പറിനായി ലേലം വിളിച്ചത്. രണ്ട് ദിവസത്തെ ലേലത്തിന് ശേഷമാണ് 1.17 കോടി രൂപയ്ക്ക് അദ്ദേഹം ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പേ പണം അടയ്ക്കേണ്ടിയിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പണം അടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല .ഇതാണ് നമ്പര്‍ പ്ലേറ്റ് വീണ്ടും ലേലംചെയ്യാനുള്ള തീരുമാനത്തിലേക്കേത്തിച്ചത്. ശനിയാഴ്ച രാത്രി രണ്ട് തവണ ലേലത്തുക അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികത്തകരാര്‍ മൂലം പരാജയപ്പെട്ടുവെന്ന് കുമാര്‍ പറഞ്ഞു. കൂടാതെ ഒരു ഫാന്‍സി നമ്പറിന് വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനോട് കുടുംബത്തിന് എതിര്‍പ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

