കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.40 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ എം കെ ഹക്കീം, സുബൈർ സുലൈമാൻ, തൃശൂർ സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് എയർ കസ്റ്റംസിന്റെ പരിശോധനയിൽ പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നും വന്ന എം കെ ഹക്കീം 788 ഗ്രാം സ്വർണ മിശ്രിതമാണ് അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതിന് ഏകദേശം 39 ലക്ഷം രൂപയോളം വില വരും.
മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ സുബൈർ സുലൈമാൻ എന്ന യാത്രക്കാരൻ 836 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിന് 44 ലക്ഷം രൂപ വില വരും. സ്വർണ മിശ്രിതത്തിന്റെ മൂന്ന് ക്യാപ്സ്യൂളുകളാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. ദുബൈയിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയായ യാത്രകാരൻ നിസാമുദ്ദീൻ 1063 ഗ്രാം സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നാല് ക്യാപ്സ്യൂളുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിന് 57 ലക്ഷം രൂപയോളം വിലവരും.
English Summary;1.40 crore worth of gold seized in Nedumbassery
You may also like this video