Site iconSite icon Janayugom Online

ക്ഷേമ‑ജീവകാരുണ്യ ഫണ്ടുകളില്‍ ചെലവഴിക്കാതെ ഒന്നരലക്ഷം കോടി

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ- ജീവകാരുണ്യ ഫണ്ടായ ഒന്നരലക്ഷം കോടി രൂപ റിസര്‍വ് ബാങ്കില്‍ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നു. ഡെപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്റ് അവയര്‍നസ് ഫണ്ട് (ഡിഇഎഎഫ് ) അക്കൗണ്ടിലാണ് ഭീമമായ തുക ആര്‍ക്കും ഉപകാരപ്രദമാകാതെ കെട്ടിക്കിടക്കുന്നത്.

ബാങ്കുകളില്‍ കെട്ടികിടക്കുന്ന അവകാശികളില്ലാത്ത പണം അക്കൗണ്ട് ഉടമകളുടെ ബന്ധുക്കള്‍ക്കോ, ആശ്രിതര്‍ക്കോ തിരിച്ച് നല്‍കാനുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പയിന്‍ ഒരുവശത്ത് പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ- ജീവകാരുണ്യ ഫണ്ട് ചെലവഴിക്കാതെ കെട്ടികിടക്കുന്നത്. ഡിഇഎഎഫ് ഇനത്തില്‍ കെട്ടികിടക്കുന്ന 50 അക്കൗണ്ടുകളിലെ ഏറ്റവും ഭീമമായ സംഖ്യയാണ് കേന്ദ്ര സര്‍ക്കരിന്റേത്. പൊതുജനക്ഷേമം, തൊഴിലവസരം സൃഷ്ടിക്കല്‍, സമൂഹ വികസനം എന്നിവയ്ക്കായി നീക്കിവെച്ച തുകയാണ് ചെലവഴിക്കാതെ അവശേഷിക്കുന്നത്.

കോടിക്കണക്കിന് രൂപ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ബന്ധിത അക്കൗണ്ടുകളിലാണ് ഒന്നര ലക്ഷം കോടി രൂപ അനാഥമായി കിടക്കുന്നത്. ഈ അക്കൗണ്ടുകള്‍ യഥാര്‍ത്ഥമാണോ, ഫണ്ടുകള്‍ ഉദ്ദേശിച്ച ഗുണഭോക്താക്കളിലേക്ക് എത്തിയ , പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗിച്ചോ എന്നുള്ള യാതൊരു പരിശോധനയും നാളിതുവരെ നടന്നിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖല ബാങ്ക് ശാഖകളിലെ തുകയാണ് കേന്ദ്ര ബാങ്കില്‍ ചെലവഴിക്കാതെ കെട്ടികിടക്കുന്നത്.

നാഷണല്‍ കള്‍ച്ചര്‍ ഫണ്ട് (എസ്ബിഐ ന്യൂഡല്‍ഹി), ഡല്‍ഹി ആശുപത്രികളുമായും ഇഎസ്ഐസി ആസ്ഥാനവുമായും ബന്ധിപ്പിച്ചിട്ടുള്ള ഒന്നിലധികം അക്കൗണ്ടുകള്‍, ഒന്നിലധികം എംപ്ലോയീസ് സ്റ്റേററ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ , പ്രധാന മന്ത്രി ഗ്രാമ സഡക് യോജന, എംപ്ലോയീസ പ്രോവിഡന്റ് ഫണ്ട് ഓഫീസ്,ചീഫ് എന്‍ജീനിയര്‍ , പൊതുമരാമത്ത് വകുപ്പ് ഗോവ , ജവഹര്‍ റോസ് ഗാര്‍ യോജന, സായുധ സേന പാതക ഫണ്ട് അക്കൗണ്ടുകളിലാണ് പ്രധാനമായും ഒന്നരലക്ഷം കോടി രൂപ ചെലവഴിക്കാതെ കെട്ടികിടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ക്ഷേമ സ്ഥാപനങ്ങളില്‍ ഒന്നായ ഇപിഎഫ്ഒ, ഇഎസ്ഐസി എന്നീവിടങ്ങളില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സിഎജി എല്ലാ വര്‍ഷവും പരിശോധന നടത്തിയിട്ടും ചെലവഴിക്കാതെ കെട്ടികിടക്കുന്ന ഫണ്ടിെന സംബന്ധിച്ച് മൗനം പാലിക്കുന്നതും ദുരുഹത ഉയര്‍ത്തുന്നുണ്ട്. ജീവകാരുണ്യ സംഘടനകളായ മുല്‍ജി വാല്‍ജി ഫൗണ്ടേഷന്‍ മുംബൈ, പ്രത്യൂഷ് ഫൗണ്ടേഷന്‍, ഹെറിട്ടേജ് ഫൗണ്ടേഷന്‍, മാനവ് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ അക്കൗണ്ടിലെ തുകയും റിസര്‍വ് ബാങ്കില്‍ ചെലവഴിക്കാതെ കെട്ടികിടക്കുന്നുണ്ട്.

Exit mobile version