ഷവർമയിലും ഷൂസുകളിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച നിലയിൽ 18 കെനിയൻ സ്ത്രീകളിൽനിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 3.85 കിലോഗ്രാം വരുന്ന 1.55കോടിയുടെ സ്വർണമാണ് മുംബൈ കസ്റ്റംസിന്റെ എയർ ഇന്‍റലിജൻസ് യൂണിറ്റ് ഇവരുടെ കെെയ്യില്‍ നിന്ന് പിടികൂടിയത്. നെയ്റോബിയിൽനിന്ന് ഷാർജ വഴി ഇന്ത്യയിലെത്തിയവരാണ് 18 പേരും.ഒരേ വിമാനത്തിലായിരുന്നു ഇവരുടെ യാത്രയും.ഇവരിൽ ഒരാളുടെ കൈവശം അനുവദനീയമായ അളവിലും കൂടുതൽ സ്വർണമുണ്ടായിരുന്നു.
ഷവർമ, കോഫീ പൗഡർ കുപ്പി, ഷൂസുകൾ എന്നിവക്ക് പുറമെ അടിവസ്ത്രത്തിലും സ്വർണം ഒളിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. അനുവദനീയമായ അളവിലും കൂടുതൽ സ്വർണം കൊണ്ടുവന്ന ഒരു സ്ത്രീയുടെ അറസ്റ്റ് എഐയു രേഖപ്പെടുത്തി. കൈവശമുണ്ടായിരുന്ന ഉറവിടം വെളിപ്പെടുത്താത്ത സ്വർണം പിടിച്ചെടുത്ത ശേഷം മറ്റ് 17 സ്ത്രീകളെയും വിട്ടയച്ചു.ഈ സ്ത്രീകൾ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമല്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ പറയുന്നു.കെനിയയിൽനിന്ന് കുറഞ്ഞ വിലക്ക് സ്വർണം വാങ്ങി മുംബൈയിൽ വിൽക്കാൻ ശ്രമിച്ചവരാണ് ഇവരെന്നാണ് പ്രാഥമിക സൂചന.
English summary;1.55 crore gold seized in shawarma and shoes from Kenyan womens
you may also like this video;