Site iconSite icon Janayugom Online

ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; 4 ഡെലിവറി ഹബ് ഇൻചാർജുമാർക്കെതിരെ കേസ്

ഓൺലൈൻ വിൽപ്പന സ്ഥാപനമായ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ നാല് ഡെലിവറി ഹബ് ഇൻചാർജുമാർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. കാഞ്ഞൂർ, കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ ഡെലിവറി ഹബുകളുടെ ഇൻചാർജുമാരായ സിദ്ദിഖ് കെ അലിയാർ, ജാസിം ദിലീപ്, പി എ ഹാരിസ്, മഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇവർ മൊത്തം 332 മൊബൈൽ ഫോണുകളാണ് കൈക്കലാക്കിയത്. 

ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിക്കുകയാണ് തട്ടിപ്പിന്റെ രീതി. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Exit mobile version