Site iconSite icon Janayugom Online

ഉക്രെയ്‍ന് 1.7 ദശലക്ഷം ഡോളര്‍ ധനസഹായം

ഉക്രെയ്‌ന് 1.7 ദശലക്ഷം ഡോളർ അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭിച്ചതായി പ്രധാനമന്ത്രി ഡെനിസ് ഷ്‍മിഹാൽ. ലോ­ക ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ, ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അ­സോസിയേഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റെയും (യുഎസ്എഐഡി) സംയുക്ത ഫ­ണ്ടിൽ നിന്നാണ് ധനസഹായം ലഭിച്ചതെന്ന് ഷ്‍മിഹാൽ സ്ഥിരീകരിച്ചു. പിന്തുണ നല്‍കിയതിന് യുഎസിനും ഷ്‍മിഹാൽ നന്ദി അറിയിച്ചു. മെഡിക്കൽ സേവനങ്ങൾക്കായുള്ള സംസ്ഥാ­ന ബജറ്റ് ചെലവിലേക്ക് പണം നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യൻ നേതാക്കൾ അംഗീകരിച്ച ഒമ്പത് ദശലക്ഷം യൂറോ ധനസഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ദശലക്ഷം യൂറോ ഉക്രെയ്‍ന് കെെമാറുന്നതിന് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ അംഗീകാരം നൽകി. 

യുദ്ധാനന്തര പുനർനിർമ്മാണത്തിന് 750 ദശലക്ഷം ഡോളർ ചെലവ് വരുമെന്ന് ഉക്രെയ്ൻ പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ ഉക്രെയ്‍ന് പ്രതിമാസം അഞ്ച് ദശലക്ഷം യൂറോ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ആയുധശേഷിയുള്ളവ ഉള്‍പ്പെടെ ഇറാന്‍ റഷ്യയ്ക്ക് നൂറകണക്കിന് ഡ്രോണുകള്‍ നല്‍കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. ഈ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് റഷ്യൻ സേനയെ പരിശീലിപ്പിക്കാൻ ഇറാൻ തയാറെടുക്കുകയാണെന്നും, ഇതു സം­ബ­ന്ധി­ച്ച വിവരങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്നും സള്ളിവൻ പറഞ്ഞു. 

യുഎസിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ അടുത്തയാഴ്ച ഇറാൻ സന്ദർശിക്കുമെന്ന് ക്രെംലിൻ സ്ഥിരീകരിച്ചു. സിറിയയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായുള്ള അസ്താന ഫോർമാറ്റ് യോഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഇറാൻ, തുർക്കിയ നേതാക്കളുമായുള്ള ത്രികക്ഷി യോഗത്തിൽ പുടിൻ പങ്കെടുക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെ­സ്‍കോവ് പറഞ്ഞു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി പുടിന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും പെസ്‌കോവ് അറിയിച്ചു. അതിനിടെ ഉക്രെയ്‍നികള്‍ക്ക് റഷ്യൻ പൗരത്വം നല്‍കു­ന്നതിനു­ള്ള ഉത്തരവില്‍ പുടിൻ ഒപ്പുവച്ചു. ഉത്തരവിന്റെ രേഖ സര്‍ക്കാരിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Eng­lish Summary:$1.7 mil­lion in fund­ing for Ukraine
You may also like this video

Exit mobile version