Site iconSite icon Janayugom Online

രാജ്യത്ത് 1.77 ലക്ഷം റോഡപകട മരണങ്ങള്‍

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ 1.77 ലക്ഷം പേര്‍ മരിച്ചുവെന്ന് കേന്ദ്രം. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 2.3 ശതമാനത്തിന്റെ വര്‍ധനയാണിത്. ഓരോ ദിവസവും 485 പേര്‍ വീതം വിവിധ റോഡപകടങ്ങളില്‍ മരിക്കുന്നതായും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ രേഖമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2023ല്‍ 4,80,583 റോഡ് അപകടങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 1,72,890 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 4,62,825 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2024ലെ വേള്‍ഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയിലെ ഒരു ലക്ഷം പേരില്‍ ചൈനയില്‍ 4.3 ആണ്. യുഎസില്‍ ഇത് 12.76 ആണെങ്കില്‍ ഇന്ത്യയുടേത് 11.89 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എഡ്യൂക്കേഷന്‍, എന്‍ജിനീയറിങ്, എന്‍ഫോഴ‍്സ്മെന്റ്, എമര്‍ജന്‍സി കെയര്‍ എന്നിങ്ങനെ നാല് ‘ഇ’ കള്‍ക്ക് മുന്‍തൂക്കം നല്‍കി റോഡപകടങ്ങളും ഇതുമൂലമുള്ള മരണവും പരിക്കും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടത്തിവരുകയാണെന്നും ഗഡ്കരി പറഞ്ഞു. 

Exit mobile version