തെരഞ്ഞെടുപ്പ് അടുത്തതോടെ മഹാരാഷ്ട്രയില്‍ നിന്നും വന്‍കിട പദ്ധതികള്‍ ഗുജറാത്തിലേക്ക് വഴിമാറുന്നതില്‍ വന്‍ രാഷ്ട്രീയ വിവാദം.
മൂന്ന് മാസത്തിനിടെ നാല് വലിയ പദ്ധതികളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്. ഇതിലൂടെ 1.80 ലക്ഷം കോടിയുടെ നിക്ഷേപം നഷ്ടമായി. സംസ്ഥാനത്ത് ആരംഭിക്കേണ്ടിയിരുന്ന വന്‍കിട പദ്ധതികള്‍ ഗുജറാത്തിലേക്ക് പോകുന്നതില്‍ ബിജെപിക്കൊപ്പംകൂടി അധികാരം നേടിയ ശിവസേനാ ഷിന്‍ഡെ പക്ഷത്തിനും അമര്‍ഷമുണ്ട്.
ഇന്ത്യന്‍ സൈന്യത്തിനായി വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന 22,000 കോടിയുടെ പദ്ധതിയാണ് ഏറ്റവുമൊടുവില്‍ ഗുജറാത്തിന് ലഭിച്ചത്. കഴിഞ്ഞമാസം മഹാരാഷ്ട്രയെ പിന്തള്ളി 1.5 ലക്ഷം കോടിയുടെ വേദാന്ത സെമി കണ്ടക്ടര്‍ നിര്‍മ്മാണപദ്ധതിയും ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ഗുജറാത്തിലേക്ക് പദ്ധതികള്‍ മാറ്റി വികസന മുഖം ഒരുക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍.
ലാഭകരമായ മറ്റൊരു പദ്ധതി കൂടി മഹാരാഷ്ട്രയ്ക്ക് നഷ്ടമായതില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎല്‍എയും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
ടാറ്റയും എയര്‍ബസും സംയുക്തമായാണ് ഗുജറാത്തില്‍ സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. വഡോദരയിലെ നിര്‍മ്മാണ പ്ലാന്റിന്റെ തറക്കല്ലിടല്‍ നാളെ നരേന്ദ്ര മോഡി നിര്‍വഹിക്കും. ടാറ്റ‑എയര്‍ ബസ് പദ്ധതി മഹാരാഷ്ട്രയ്ക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും സംസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് ഷിൻഡെ സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്നും ആദിത്യ വിമര്‍ശിച്ചു. സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ടാറ്റ‑എയര്‍ബസ് പദ്ധതി മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നാഗ്പൂരിനടുത്ത് മിഹാനില്‍ ആരംഭിക്കുമെന്ന് ഷിന്‍ഡെ പക്ഷക്കാരനും വ്യവസായ മന്ത്രിയുമായ ഉദയ് സാമന്ത് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 6000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതായിരുന്നു പദ്ധതി. ഇതിന് മുമ്പ് 3000 കോടിയുടെ ഡ്രഗ് പാര്‍ക്കും സംസ്ഥാനത്തിന് നഷ്ടമായിരുന്നു.
പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി സംസ്ഥാനത്തുനിന്ന് മാറ്റി പകരം ഹിമാചല്‍ പ്രദേശിന്റെയും ആന്ധ്രാപ്രദേശിന്റെയും പദ്ധതികള്‍ അംഗീകരിക്കുകയായിരുന്നു. ഇതിന് സമാനമായി 424 കോടിയുടെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കും സംസ്ഥാനത്തിന് നഷ്ടമായി. പകരം തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ പദ്ധതികള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
English Summary: 1.80 lakh crore loss to Maharashtra as big projects divert to Gujarat
You may also like this video