Site iconSite icon Janayugom Online

1.80 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോകൾ; എപ്‍സ്റ്റീൻ ഫയൽസിലെ കൂടുതൽ രേഖകൾ പുറത്ത്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന കൂടുതൽ അന്വേഷണ രേഖകൾ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. 30 ലക്ഷം പേജുകൾ, 1.80 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോകൾ എന്നിവയാണ് പുതുതായി പരസ്യപ്പെടുത്തിയത്. എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്ട് പ്രകാരമാണ് ഈ രേഖകളുടെ പുറത്തുവിടൽ. നവംബറിൽ കോൺഗ്രസ് പാസാക്കിയ ഈ നിയമം 2025 ഡിസംബർ 19നകം എല്ലാ രേഖകളും പുറത്തുവിടണമെന്ന നിർദേശമാണ് നീതിന്യായ വകുപ്പിന് നൽകിയിരുന്നത്. എന്നാൽ രേഖകളുടെ വ്യാപ്തിയും ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കാരണം ഈ സമയപരിധി നീതിന്യായ വകുപ്പിന് പാലിക്കാൻ കഴിഞ്ഞില്ല. നിശ്ചയിച്ച സമയപരിധി മറികടന്ന് ആറാഴ്ചകൾക്കുശേഷമാണ് രേഖകൾ പുറത്തുവിട്ടത്. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, കൊമേഴ്സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവരുടെ പേരുകളാണ് ഫയലുകളിലുള്ളത്. ബില്‍ ഗേറ്റ്സിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനായി എപ്‍സ്റ്റീന്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായും ഒരു ഇമെയില്‍ ഡ്രാഫ്റ്റില്‍ ആരോപിക്കുന്നു. ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നും ആരോപണമുണ്ട്. 

പുറത്തുവിട്ട പുതിയ രേഖകളില്‍ പ്രശസ്ത ചലച്ചിത്ര സംവിധായികയും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മാംദാനിയുടെ അമ്മയുമായ മീര നായരുടെ പേരും ഉള്‍പ്പെടുന്നു. എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‍ലെയ്ന്‍ മാക്സ്‍വെല്ലിന്റെ വീട്ടില്‍ നടന്ന ഒരു വിരുന്നില്‍ മീര നായര്‍ പങ്കെടുത്തതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ മീര നായര്‍ സംവിധാനം ചെയ്ത ‘അമേലിയ’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന ആഫ്റ്റര്‍ പാര്‍ട്ടിയിലാണ് മീര നായര്‍ പങ്കെടുത്തത്. ഈ വിരുന്നില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആമസോണ്‍ സിഇഒ ജെഫ് ബെസോസ് എന്നിവരും പങ്കെടുത്തതായി ഇമെയിലില്‍ പറയുന്നു. ടെസ്ല സിഇഒ എലോണ്‍ മസ്‌കും എപ്സ്റ്റീനും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും ഫയലുകളില്‍ പുറത്തുവന്നിട്ടുണ്ട്. 2012 നവംബറില്‍ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് ഹെലികോപ്റ്ററില്‍ വരുന്നതിനെക്കുറിച്ചും അവിടെ നടക്കുന്ന പാര്‍ട്ടിയെക്കുറിച്ചും മസ്‌ക് അന്വേഷിക്കുന്നതായാണ് രേഖകള്‍. യുകെയിലെ രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരന്‍ ആൻഡ്രൂ മൗണ്ട് ബാറ്റൺ‑വിൻഡ്‌സർ തറയിൽ കിടക്കുന്ന ഒരു സ്ത്രീയുടെ മുകളിൽ കുനിഞ്ഞിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോകളും രേഖകളിലുണ്ട്. 

Exit mobile version