സ്കൂള്‍ തുറന്നെങ്കിലും ഉത്തർപ്രദേശിലെ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് വരെ പാഠപുസ്തകങ്ങള്‍ ലഭിക്കില്ല. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‍ഫർ വഴി യൂണിഫോം, സ്വെറ്ററുകൾ, ഷൂസ്, സോക്സ്, ബാഗുകൾ എന്നിവ വാങ്ങുന്നതിന് 1,100 രൂപ കൈമാറുമെന്ന ആദിത്യനാഥിന്റെ വാഗ്ദാനവും പാഴ്‍വാക്കായി.
ജൂൺ 16 നാണ് ക്ലാസുകള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ 1.50 ലക്ഷത്തിലധികം പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലായി ഏകദേശം 1.90 കോടി വിദ്യാർത്ഥികളുണ്ട്. ഇവര്‍ക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള ടെൻഡറുകൾ ഇപ്പോഴും പൂര്‍ണമായിട്ടില്ല. ഈ മാസം ടെൻഡർ പൂർത്തിയായാൽ പുസ്തകങ്ങൾ ഓഗസ്റ്റ് ആദ്യവാരവും വർക്ക്ബുക്കുകൾ സെപ്റ്റംബർ ആദ്യവാരവും മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ്‍ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ എല്ലാ പുസ്തകങ്ങളും ജില്ലകളിലേക്ക് അയക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ പുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിനാല്‍ സ്ഥാനക്കയറ്റം ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് പഴയ പാഠപുസ്തകങ്ങൾ ശേഖരിക്കാനും പുതിയവര്‍ക്ക് വിതരണം ചെയ്യാനും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർവേന്ദ്ര വിക്രം ബഹാദൂർ സിങ് നിർദേശിച്ചു.
പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കാൻ ആദിത്യനാഥ് ഏപ്രിലിൽ സ്കൂൾ ചലോ അഭിയാൻ പ്രഖ്യാപിച്ചിരുന്നു. സ്കൂൾ ബാഗ്, ഷൂ, സോക്സ്, ഫുട്ബോൾ, പുസ്തകങ്ങൾ എന്നിവയും ആവശ്യമുള്ളവര്‍ക്ക് ശ്രവണസഹായി, ബ്രെയിൽ കിറ്റുകള്‍ എന്നിവയും നൽകാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശവും നല്കി. എന്നാല്‍ യൂണിഫോമുകളും പുസ്തകങ്ങളും ഇല്ലാതെ വിദ്യാർത്ഥികൾ പുതിയ ക്ലാസുകളിലിരിക്കുന്ന ദുരിതാവസ്ഥയാണ് സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിലുള്ളത്. ‘സർക്കാർ കുട്ടികളുടെ ഭാവികൊണ്ട് കളിക്കുകയാണെന്നും ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് തങ്ങള്‍ സൗജന്യ പുസ്തകങ്ങളും യൂണിഫോമുകളും നൽകുമെന്നും’ സാമൂഹ്യപ്രവര്‍ത്തകനായ അജിത് പ്രകാശ് പറഞ്ഞു.
english summary; 1.90 crore students in UP do not have textbooks and uniforms
You may also like this video;