നിർമ്മിതബുദ്ധിയുടെ അതിർവരമ്പുകൾ ബഹിരാകാശത്തേക്കും വികസിപ്പിക്കാനൊരുങ്ങി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. എഐയുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് ഓർബിറ്റൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ അദ്ദേഹം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതി. വിക്ഷേപണത്തിന് അനുമതി തേടി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനെ സ്‌പേസ്എക്‌സ് ഔദ്യോഗികമായി സമീപിച്ചിട്ടുണ്ട്.
ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെ സൂപ്പർ കമ്പ്യൂട്ടറുകളായി പ്രവർത്തിക്കും. ഇവ ചേർന്നതാകും വമ്പൻ എഐ ഡാറ്റാ സെന്റർ. ബഹിരാകാശത്ത് സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്നതും ശീതീകരണ സംവിധാനങ്ങൾ വെല്ലുവിളി ഉയർത്താത്തതും ഓർബിറ്റൽ ഡാറ്റാ സെന്ററിന് ഏറ്റവും അനുകൂലമായ ഘടകങ്ങളാണ്. വർധിച്ചുവരുന്ന എഐ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
2026 ജനുവരി ആദ്യംതന്നെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സ്‌പേസ് എക്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. എഐയ്ക്ക് പ്രചാരം വർധിക്കുന്നത് ഭൂമിയിൽ വൻതോതിലുള്ള ഊർജപ്രതിസന്ധി ഉണ്ടാക്കാനിടയാക്കുമെന്ന ആശങ്കകൾക്ക് പരിഹാരം കാണുന്നതാണ് സ്‌പേസ് എക്‌സിന്റെ ഈ പദ്ധതി. ഡാറ്റാ സെന്ററിന്റെ ഭാഗമായ ഓരോ ഉപഗ്രഹവും രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ സോളാർ പാനലുകൾ ഉപയോഗിച്ച് നിരന്തരം സൂര്യപ്രകാശം ശേഖരിക്കും. ബഹിരാകാശത്തിന്റെ ശൂന്യത താപനില ക്രമീകരിക്കുന്ന ഒരു പ്രകൃതിദത്ത റഫ്രിജറേറ്ററായി പ്രവർത്തിക്കും.

