Site iconSite icon Janayugom Online

അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് 10 കോടി കേന്ദ്ര സഹായം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയുടെ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ 10കോടി സബ്സിഡി നല്‍കി. റിനികി ഭൂയന്‍ ശര്‍മ്മയുടെ പ്രൈഡ് ഈസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനത്തിനാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. ഭക്ഷ്യ സംസ്കരണ വകുപ്പാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയത്. ഈ സ്ഥാപനത്തിന് സബ്സിഡി അനുവദിച്ച വിഷയം ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് പുറത്തുവിട്ടത്. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിയായിട്ടാണ് 10 കോടി അനുവദിച്ചിരിക്കുന്നത്.

പ്രധാന്‍മന്ത്രി കിസാന്‍ സമ്പാദ്യ പദ്ധതി പ്രകാരമാണ് നടപടി. പാടത്ത് നിന്ന് ഉല്പന്നങ്ങള്‍ ആധുനിക സംവിധാനങ്ങളിലൂടെ വിപണിയിലെത്തിച്ച് വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സബ്സിഡി തുക അനുവദിക്കാറുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് ക്രമവിരുദ്ധമായി സബ്സിഡി നേടിയെടുക്കുകയായിരുന്നു. സബ്സിഡി ലഭിച്ചവരുടെ പട്ടികയില്‍ പത്താം പേരുകാരിയാണ് ഹിമന്തയുടെ ഭാര്യ റിനികി ഭൂയന്‍.

എന്നാല്‍ ഭാര്യയുടെ സ്ഥാപനത്തിന് സബ്സിഡി ലഭിച്ച കാര്യം നിഷേധിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ രംഗത്ത് വന്നു. ക്രമരഹിതമായ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി തുക അനുവദിച്ചിട്ടില്ലെന്നായിരുന്നു ഹിമന്തയുടെ വിശദീകരണം.
ഏതാനും നാള്‍ മുമ്പ് ദാരിഗജ് വില്ലേജിലെ 50 ഏക്കര്‍ ഭൂമി മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ വാങ്ങിയതും തൊട്ടുപിന്നാലെ ഭൂമി തരംമാറ്റി വ്യവസായ ഭൂമിയായാക്കിയ സംഭവവും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി ഇടപാടിലൂടെ കോടികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ സ്വന്തമാക്കിയെന്നായിരുന്നു വാര്‍ത്ത.

Eng­lish Summary:10 crore cen­tral assis­tance to Assam CM’s wife’s company
You may also like this video

Exit mobile version