Site icon Janayugom Online

ട്രെയിനിന് തീപിടിച്ച്‌ 10 മരണം; 20 പേര്‍ക്ക് പരിക്കേറ്റു

തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച്‌ 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ലഖ്നൗ-രാമേശ്വരം ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. മധുര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് ദുരന്തം. ലഖ്നൗവില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്ത പാര്‍ട്ടി കോച്ചില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് ഏഴേകാലോടെ തീ പൂര്‍ണമായും അണച്ചു. കോച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
63 പേരാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ കോച്ചിലുണ്ടായിരുന്നത്. തീപിടിക്കുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. യാത്രക്കാരില്‍ നല്ലൊരു പങ്കും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നതിനാല്‍ വന്‍ തോതിലുള്ള ജീവാപായം ഒഴിവായി. യുപി സ്വദേശികളായ ശബ്ദമാന്‍ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പുനലൂര്‍-മധുര എക്സ്പ്രസില്‍ നാഗര്‍കോവിലില്‍ നിന്നാണ് സ്വകാര്യ കോച്ച്‌ മധുരയിലെത്തിയത്. അവിടെ മറ്റൊരു ലൈനിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു. ഓഗസ്റ്റ് 17ന് ലഖ്നൗവില്‍ നിന്നും യാത്ര ആരംഭിച്ച സംഘം മധുര മീനാക്ഷിയമ്മന്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ഇന്ന് അനന്തപുരി എക്സ്പ്രസില്‍ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് അപകടം.

അതേസമയം മുന്‍കൂട്ടി ബുക്ക് ചെയ്ത പാര്‍ട്ടി കോച്ചില്‍ പാചകവാതക സിലിണ്ടര്‍ പോലുള്ള കത്തുന്ന വസ്തുക്കളൊന്നും കൊണ്ടുപോകാന്‍ അനുവാദമില്ല. കോച്ച്‌ ഗതാഗത ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടമെന്ന് റെയില്‍വേ പറയുന്നു. പാചകവാതക സിലിണ്ടര്‍, സ്റ്റൗ, വിറക്, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ കത്തിക്കരിഞ്ഞ കോച്ചില്‍ നിന്നും കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തമിഴ്നാട് സര്‍ക്കാര്‍ മൂന്നുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു.

Eng­lish summary;10 dead in train fire; 20 peo­ple were injured

you may also like this video;

Exit mobile version