Site icon Janayugom Online

തേനീച്ച/ കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം

honey bee

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
1980 ലെ കേരള റൂൾസ് ഫോർ പേയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ൽ വന്യമൃഗം എന്ന നിർവചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവഹാനി സംഭവിച്ചാലും നൽകുക.

വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നൽകി വരുന്നത്. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി വരുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപവരെ നൽകും.

വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സയ്ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഉയർന്നു വന്നിരുന്ന ഒരു ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 10 lakh com­pen­sa­tion in case of death due to bee/wasp sting

You may like this video also

Exit mobile version