Site iconSite icon Janayugom Online

കേന്ദ്രത്തില്‍ 10 ലക്ഷം ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും 10ലക്ഷത്തോളം ഒഴിവുകള്‍. മാര്‍ച്ച് ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ 9,64,359 ഒഴിവുകളുള്ളതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്സ്പൻഡീച്ചറിലെ പേ റിസര്‍ച്ച് യൂണിറ്റിന്റെ കണക്കനുസരിച്ചാണ് ഇതെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. 

ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള പത്തുവര്‍ഷത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജൻസികള്‍, കോര്‍പറേഷനുകള്‍ എന്നിവയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണവും എത്ര നാളിനുള്ളില്‍ അവ നികത്തുമെന്നും വ്യക്തമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ അധികാരമുള്ള ബോര്‍ഡുകള്‍ എന്നിവ നേരിട്ടോ എസ്എസ്‌സി, യുപിഎസ്‌സി, ആര്‍ആര്‍ബി, ഐബിപിഎസ് തുടങ്ങിയ ഏജൻസികള്‍ മുഖാന്തിരമോ ആണ് തൊഴിലാളികളെ നിയമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മറുപടി നല്‍കി. വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഒഴിവുകള്‍ നികത്തുന്നത് നിരന്തര പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. റോസ്ഗാര്‍ മേളയുടെ ഭാഗമായി ഒഴിവുകള്‍ അതിവേഗം നികത്തുന്നതായും ജിതേന്ദ്ര സിങ് പറഞ്ഞു. 

എന്നാല്‍ ഓരോ വര്‍ഷവും നടത്തുന്ന നിയമനങ്ങളെ കുറിച്ചുള്ള കണക്കുകള്‍ കേന്ദ്ര സഹമന്ത്രി ലഭ്യമാക്കിയില്ല. 2017ല്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തിലെത്തിയിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് 8.11 ശതമാനമാണ് 2023 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 

Eng­lish Sum­ma­ry: 10 lakh vacan­cies in the centre

You may also like this video

Exit mobile version