Site iconSite icon Janayugom Online

10 മിനിറ്റ് ഡെലിവറി ഇനി നടക്കില്ല; സ്വിഗ്ഗി ഉൾപ്പെടെ നാല് കമ്പനികൾക്ക് എംവിഡി നോട്ടീസ്, ഡെലിവറി ബോയ് നിയമം ലംഘിച്ചാൽ പണി കമ്പനിക്ക്

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും കർശന നിർദ്ദേശവുമായി കേരള മോട്ടോർ വാഹന വകുപ്പ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് എംവിഡി നോട്ടീസ് നൽകിയത്. നിലവിൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. 7 മിനിറ്റ് മുതൽ 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്ന വാഗ്ദാനം റോഡ് നിയമങ്ങളുടെ ലംഘനമാണെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരം അപ്രായോഗികമായ സമയപരിധികൾ നിശ്ചയിക്കുന്നത് ഡെലിവറി ബോയിസിനെ അമിതവേഗത്തിന് പ്രേരിപ്പിക്കും. ഡെലിവറി ബോയിസിനെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം, അവരെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമാണ് എംവിഡി താക്കീത് നൽകിയിരിക്കുന്നത്.

അമിതവേഗത, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവ ഡെലിവറി ജീവനക്കാർക്കിടയിൽ പതിവാണെന്ന് മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു. വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ കമ്പനികൾ നൽകുന്ന ‘ക്വിക്ക് ഡെലിവറി’ വാഗ്ദാനങ്ങളാണ് ഈ അപകടസാഹചര്യങ്ങൾക്ക് കാരണമെന്നും എംവിഡി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. റോഡ് സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത കമ്പനികൾക്ക് മാത്രമേ ഇനി മുതൽ സുഗമമായി പ്രവർത്തിക്കാനാവൂ എന്ന വ്യക്തമായ സൂചനയാണ് ഈ നീക്കത്തിലൂടെ മോട്ടോർ വാഹന വകുപ്പ് നൽകുന്നത്.

Exit mobile version