ഉപതെരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്നലെ നാല് സ്ഥാനാർത്ഥികൾ പിന്മാറി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് നിലമ്പൂരില്‍ മത്സരരംഗത്തുള്ളത്. പി വി അൻവറിന്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് അടക്കം പിന്മാറി. അൻവർ സാദത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് നേരത്തെ പി വി അൻവർ ആരോപിച്ചിരുന്നു. അൻവറിന്റെ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനും പത്രിക പിന്‍വലിച്ചു. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിക് നടുത്തൊടിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചിരുന്നു. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അൻവർ എന്നിവരടക്കം 10 സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരരംഗത്തുള്ളത്.
നിലമ്പൂരിൽ മത്സരരംഗത്ത് 10 പേര്‍

