Site iconSite icon Janayugom Online

ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ​കൊന്ന് കത്തിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ. റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഏഴു പേരെയും പൊലീസ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാര്‍ മുഖ്യ ഉപദേശഷ്ടാവ് മുഹമ്മദ് യൂനുസ് ആണ് കുറ്റക്കാരെ പിടികൂടിയ വിവരം എക്സിലൂടെ അറിയിച്ചത്. മുഹമ്മദ് ലിമോൻ സർക്കാർ, മുഹമ്മദ് താരിഖ് ഹുസൈൻ, മുഹമ്മദ് മാണിക് മിയ, ഇർഷാദ് അലി, നിജും ഉദിൻ, അലാംഗീർ ഹുസൈൻ, മുഹമ്മദ് മിറാജ് ഹുസൈൻ അകോൺ എന്നിവരെയാണ് ആർഎബി പിടികൂടിയത്. മുഹമ്മദ് അസ്മൽ സാഗിർ, മുഹമ്മദ് ഷഹിൻ മിയ, മുഹമ്മദ് നസ്മുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 18നാണ് ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ​കൊന്ന് കത്തിച്ചത്. മൈമൻ സിങ് പട്ടണത്തിലെ വസ്ത്ര ഫാക്ടറി തൊഴിലാളിയായിരുന്ന ദീപു ചന്ദ്ര ദാസ് എന്ന 25കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫാക്ടറിക്ക് പുറ​ത്ത് ആൾക്കൂട്ടം ആ​​ക്രമിച്ച ദീപുവിനെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം മൈമൻസിങ് ഹൈവേയിലെത്തിച്ച് തീകൊളുത്തുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മൈമൻസിങ് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെ ബംഗ്ലാദേശ് സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

Exit mobile version