Site iconSite icon Janayugom Online

സോനം വാങ്ചുക്കിന്റെ തടങ്കലിന് നൂറ് ദിവസം; നീതിക്കായി ലഡാക്ക് ജനതയുടെ കാത്തിരിപ്പ് നീളുന്നു

ലഡാക്കിന്റെ പ്രത്യേക പദവിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി പോരാടുന്ന പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ തടങ്കൽ നൂറ് ദിവസം പിന്നിട്ടു. ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി ജോധ്പൂർ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായുള്ള നിയമപോരാട്ടം നിർണായക ഘട്ടത്തിലാണ്. വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ 26 നാണ് സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സ്വയംഭരണാധികാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്നായിരുന്നു നടപടി. ഈ സംഘർഷത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമാകുകയും 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാങ്ചുക്കിന്റെ ജീവിതപങ്കാളി ഗീതാഞ്ജലി ആങ്മോ ഇരട്ട വെല്ലുവിളികളാണ് നേരിടുന്നത്. ഒരു വശത്ത് തന്റെ ഭർത്താവിന്റെ മോചനത്തിനായുള്ള നിയമപോരാട്ടം, മറുവശത്ത് അവർ പടുത്തുയർത്തിയ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് ലേണിംഗ് എന്ന സ്വപ്ന പദ്ധതിയുടെ സംരക്ഷണം. തനിക്കും കുടുംബത്തിനും സ്ഥാപനത്തിനും മേൽ സർക്കാർ വലിയ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഗീതാഞ്ജലി ആങ്മോ പറയുന്നു.
“അങ്ങേയറ്റത്തെ സമ്മർദ്ദമാണ് ഞങ്ങൾ നേരിടുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയാണ് എന്റെ പോരാട്ടം. സുപ്രീം കോടതിയിലെ കേസിന് പുറമെ ഇഡി, ഐടി വകുപ്പ്, ജിഎസ്ടി തുടങ്ങി വിവിധ ഏജൻസികളുടെ അന്വേഷണങ്ങളും സമ്മർദ്ദങ്ങളും ഞങ്ങൾ നേരിടുന്നുണ്ട്.” ഗീതാഞ്ജലി പറയുന്നു. ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിച്ചതാണോ വാങ്ചുക്ക് ചെയ്ത കുറ്റമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുസ്തഫ ഹാജി ചോദിക്കുന്നു.

വാങ്ചുക്കിന് കോടതി നടപടികൾ ജയിലിൽ നിന്ന് ഓൺലൈനായി കാണാനുള്ള അനുമതി നൽകുന്നതിനെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു. ഇത് മറ്റ് കുറ്റവാളികൾക്കും സമാനമായ ആവശ്യം ഉന്നയിക്കാൻ കാരണമാകുമെന്നും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമാണ് സർക്കാരിന്റെ വാദം. അതേസമയം, ലഡാക്കിലെ പ്രമുഖ സംഘടനകളായ ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും വാങ്ചുക്കിന്റെ മോചനമില്ലാതെ കേന്ദ്രവുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ലഡാക്കിന്റെ സ്വയംഭരണാധികാരത്തിനായുള്ള കരട് രേഖ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാർ നിസ്സംഗത തുടരുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. 

Exit mobile version