Site iconSite icon Janayugom Online

100 രൂപയുടെ കൈക്കൂലി കേസ്; പോരാട്ടം 39 വർഷം, മുൻ സർക്കാർ ജീവനക്കാരനെ കുറ്റവിമുക്തനാക്കി ഛത്തിസ്ഗഢ് ഹൈക്കോടതി

പ്രമാദമായ പല കേസുകളിലും നീണ്ട നിയമപോരാട്ടം നടക്കുന്നത് ഇന്ത്യയിൽ അസാധാരണമല്ല. എന്നാൽ, വെറും 100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ മധ്യപ്രദേശിലെ ഒരു ക്ലർക്ക് ലെവൽ ജീവനക്കാരൻ നടത്തിയത് 39 വർഷത്തെ നിയമ പോരാട്ടമാണ്. മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ബില്ലിംഗ് അസിസ്റ്റൻ്റ് ജഗേശ്വർ പ്രസാദ് അവസ്തിയാണ് ഇത്രയും വർഷത്തെ നിയമനടപടികൾക്കൊടുവിൽ കുറ്റവിമുക്തനായത്. ഛത്തീസ്ഗഢ് ഹൈക്കോടതി ജസ്റ്റിസ് ബിഭു ദത്ത ഗുരുവാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

1986ലാണ് ജഗേശ്വർ പ്രസാദിനെ പ്രതിയാക്കിയുള്ള കേസ് ആരംഭിക്കുന്നത്. ജീവനക്കാരനായ അശോക് കുമാർ വർമ്മയിൽ നിന്ന് കുടിശ്ശിക തീർക്കാൻ 100 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അവസ്തിക്കെതിരായ ആരോപണം. പരാതിയെ തുടർന്ന് അന്നത്തെ ലോകായുക്ത, ഫിനോൾഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകൾ ഉപയോഗിച്ച് ഇയാൾക്കായി കെണിയൊരുക്കുകയും അവസ്തി നോട്ടുകളുമായി പിടിക്കപ്പെടുകയും ചെയ്തു. വിചാരണക്കോടതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തി, 2004ൽ പ്രസാദിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലാണ് 39 വർഷത്തിന് ശേഷം ഇപ്പോൾ ഛത്തീസ്ഗഢ് ഹൈക്കോടതി പരിഗണിച്ചത്.

അവസ്തി കൈക്കൂലി ചോദിച്ചതിന് തെളിവൊന്നുമുണ്ടായിരുന്നില്ല. സർക്കാർ സാക്ഷികൾ കൈക്കൂലി വാങ്ങിയെന്ന് കരുതുന്നിടത്ത് നിന്ന് കുറച്ച് ദൂരത്തേക്ക് മാറിയാണ് നിന്നത് എന്നതിനാൽ, ഇടപാട് നിരീക്ഷിക്കാൻ അവർക്കുമായില്ല. പിടിച്ചെടുത്ത കൈക്കൂലി നൂറിന്‍റെ ഒറ്റനോട്ടാണോ എന്നു പോലും രേഖയിൽ ഇല്ല എന്നതും നിർണായകമായി. കൂടാതെ, ആരോപണവിധേയമായ സംഭവം നടന്ന സമയത്ത്, ബില്ലുകൾ പാസാക്കാൻ തനിക്ക് അധികാരമില്ലായിരുന്നു, പിന്നെ എന്തിനാണ് കൈക്കൂലി വാങ്ങേണ്ട ആവശ്യം എന്ന ജഗേശ്വർ പ്രസാദിൻ്റെ വാദവും കോടതി പരിഗണിച്ചു. ഈ പിഴവുകൾ പരിഗണിച്ചാണ് ഹൈക്കോടതി അദ്ദേഹത്തിന് വിധിച്ച ശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തത്. ഇതോടെ നാല് പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനാണ് തിരശീല വീണത്.

Exit mobile version