Site iconSite icon Janayugom Online

എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസം തോറും 1000 രൂപ, പദ്ധതിക്ക് അനുമതി;ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജ്രിവാള്‍

രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആംആദ്മിയുടെ പുതിയ രാഷ്ട്രീയ നീക്കം.

ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ ആരംഭിക്കുമെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പണം ഉടന്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. താന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ച്ചില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ ഗൂഢാലോചന നടത്തി (ഡല്‍ഹി മദ്യനയ കേസില്‍) തന്നെ ജയിലിലേക്ക് അയച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, താന്‍ അതിഷിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശം പാസാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് പണം കൈമാറുന്നത് ഉടന്‍ സാധ്യമല്ല. 10–15 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതിനാല്‍ ഇപ്പോള്‍ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കഴിയില്ല. പണപ്പെരുപ്പം കാരണം 1000 രൂപ മതിയാകില്ലെന്ന് ചില സ്ത്രീകള്‍ പറഞ്ഞു, അതുകൊണ്ടാണ് തുക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അതിഷിയോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍ 

Exit mobile version