Site iconSite icon Janayugom Online

10,002 പട്ടയങ്ങള്‍ കൂടി നല്‍കി

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന പട്ടയമേളയില്‍ 10,002 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്തു. ഇതോടെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യു വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031ല്‍ കേരളം രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭൂമിവിഷയങ്ങളില്‍ തര്‍ക്കരഹിതമായ സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍ കഴിയില്ല. റവന്യു , രജിസ്‌ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ബന്ധിപ്പിച്ച ‘എന്റെ ഭൂമി’ എന്ന ഒറ്റ പോര്‍ട്ടല്‍ വഴിയേ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. ഇതോടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂമിയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. 

റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ആര്‍ടികെ റോവര്‍ മെഷീനും ഒരു സര്‍വേയറെയും നിയോഗിക്കും. എല്ലാവിധ സേവനങ്ങളും ഡിജിറ്റലാക്കി കണ്‍ക്ലൂസീവ് ടൈറ്റിലിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മേളയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ 1,349 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ 225 പട്ടയങ്ങള്‍ നേരിട്ട് വിതരണം ചെയ്തു. ഓണ്‍ലൈനായി എരുമേലി തെക്ക് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കെ കെ രാമചന്ദ്രന്‍ എംഎല്‍എ. അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായി. എംഎല്‍എമാരായ സനീഷ് കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version