അനധികൃത ഫണ്ട് രൂപീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ടറൽ ബോണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ആരോപണങ്ങളും കോടതിവ്യവഹാരങ്ങളും നിലനില്ക്കേ, നാല് വര്‍ഷത്തിനിടെ 10,700 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയതായി വെളിപ്പെടുത്തല്‍. 2018 മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള 22 വില്പനകളിലായാണ് ഇത്രയും വാങ്ങലുകൾ നടന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ പ്രവര്‍ത്തകന്‍ ലോകേഷ് ബത്ര സമർപ്പിച്ച അപേക്ഷയ്ക്ക് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് മറുപടി നല്‍കിയത്. ഒരു കോടി രൂപയുടെ 24,650 ബോണ്ടുകളാണ് മൊത്തം ബോണ്ടുകളുടെ മൂല്യത്തിന്റെ സിംഹഭാഗവും. 10 ലക്ഷം രൂപയുടെ 26,600 ബോണ്ടുകളും ഒരു ലക്ഷം രൂപയുടെ 93,000 ബോണ്ടുകളും 10,000, 1000 രൂപ മൂല്യമുള്ള 2,65,000 ബോണ്ടുകളും അച്ചടിച്ചു. ഇലക്ടറൽ ബോണ്ടുകളുടെ വില്പനയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ 7.63 കോടി രൂപ കമ്മിഷനായി നേടിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നാണ് നിബന്ധന. കോർപറേറ്റ് ഭീമൻമാരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തുകകൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്നാണ് ആരോപണം.
English Summary: 10,700 crore electoral bonds sold in four years
You may also like this video