Site iconSite icon Janayugom Online

ഗുജറാത്തില്‍ അഡാനി ഗ്രൂപ്പിന് കൈമാറിയ 108 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കുന്നു

വിവാദങ്ങളും ജനങ്ങളുടെ എതിര്‍പ്പും ഭയന്ന്, ആളുകളുടെ കയ്യില്‍ നിന്ന് ഏറ്റെടുത്ത് അഡാനി ഗ്രൂപ്പിന് കൈമാറിയ 108 ഹെക്ടര്‍ ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നു. ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. കച്ചിലെ മുന്ദ്രാ തുറമുഖത്തിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 231 ഹെക്ടര്‍ ഭൂമിയാണ് 2005ല്‍ ഏറ്റെടുത്തത്. ഇതില്‍ നിന്നാണ് 108 ഹെക്ടര്‍ തിരിച്ചുപിടിക്കുന്നത്.
നവിനാല്‍ പഞ്ചായത്ത് നിവാസികള്‍ 13 കൊല്ലം നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ബിജെപി സര്‍ക്കാര്‍ മുട്ടുകുത്തിയത്. തുറമുഖത്തിന് ഏറ്റെടുത്ത ഭൂമി അഡാനി ഗ്രൂപ്പിന് കൈമാറിയെന്ന് 2010ലാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ഇത് അനധികൃതമാണെന്നും കുന്നുകാലികളെ മേയ്ക്കാനായി വിട്ടിരുന്ന സ്ഥലമാണ് കമ്പനിക്ക് കൈമാറിയതെന്നും നാട്ടുകാര്‍ കോടതിയെ അറിയിച്ചു. 

അഡാനി പോര്‍ട്ടിന് തുറമുഖം അനുവദിച്ച ശേഷം 276 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തതെന്നും നിലവില്‍ 45 ഹെക്ടര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും നാട്ടുകാര്‍ കോടതിയെ അറിയിച്ചിരുന്നു. 2014ല്‍ ഗ്രാമവാസികള്‍ക്ക് 387 ഹെക്ടര്‍ പുല്‍മേട് ഡെപ്യൂട്ടി കളക്ടര്‍ അനുവദിച്ചിരുന്നു. ഇതോടെ ഹൈക്കോടതി ഇവരുടെ ഹര്‍ജി തള്ളിയിരുന്നു. 

എന്നാല്‍ ഡെപ്യൂട്ടി കളക്ടര്‍ അനുവദിച്ച് ഭൂമി നല്‍കാതിരുന്നതോടെ നാട്ടുകാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതോടെ പ്രദേശത്ത് 17 ഹെക്ടര്‍ പുല്‍മേടേ ഉള്ളെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് കിലോമീറ്റര്‍ അകലെ സ്ഥലം അനുവദിക്കാമെന്നും അറിയിച്ചു. എന്നാല്‍ ഇത്രയും ദൂരെ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് നാട്ടുകാര്‍ കോടതിയെ അറിയിച്ചു. ഇതോടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് അഡാനി ഗ്രൂപ്പില്‍ നിന്ന് 108 ഹെക്ടര്‍ ഭൂമിയും സര്‍ക്കാരില്‍ നിന്ന് 21 ഹെക്ടര്‍ ഭൂമിയും നാട്ടുകാര്‍ക്ക് തിരികെ നല്‍കാമെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കുകയായിരുന്നു. ജനങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന സ്ഥലം സംരക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് 2011ല്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Eng­lish Sum­ma­ry: 108 hectares of land hand­ed over to Adani Group in Gujarat is being repossessed

You may also like this video

Exit mobile version