Site iconSite icon Janayugom Online

പത്താം പരീക്ഷണവും പരാജയം; സ്റ്റാര്‍ഷിപ്പില്‍ സ്പേസ് എക്സിന് തിരിച്ചടി

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. വൻ സ്‌ഫോടനത്തോടെയാണ് പത്താമത്തെ പരീക്ഷണ പറക്കലിന് തയ്യാറാക്കിയ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചത്. സ്പേസ് എക്സിന്റെ ടെക്‌സസിലെ സ്റ്റാർബേസ് കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം. എന്‍ജിന്‍ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌പേസ്‌എക്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ജിന്റെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണം. 

ആളപായമില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. പരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശം നിരീക്ഷണത്തിലാണെന്നും, പ്രാദേശിക ഉദ്യോഗസ്ഥരുമായി സഹകരിച്ച് സുരക്ഷാ സജ്ജീകരണങ്ങൾ നടത്താൻ പരിശ്രമിക്കുന്നതായും സ്പേസ് എക്സ് അറിയിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് പറക്കല്‍ പരീക്ഷണത്തിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുന്നത്. വന്‍ സ്ഫോടന നടന്നതിനാല്‍ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പിന് കാര്യമായ കേടുപാടുകൾ ഉണ്ടായെന്നാണ് വിവരം. നാശനഷ്‌ടം വിലയിരുത്തുകയാണെന്നും സ്റ്റാർഷിപ്പിന്റെ പറക്കൽ താത്‌കാലികമായി നിർത്തിവച്ചെന്നും കമ്പനി വ്യക്തമാക്കി. 

ഏറ്റവും കരുത്തുറ്റതും ഏറ്റവും ഭാരം വഹിക്കാൻ സാധിക്കുന്നതുമായ മെഗാ റോക്കറ്റായാണ് സ്റ്റാര്‍ഷിപ്പ് വികസിപ്പിച്ചെടുത്തത്. സ്റ്റാർഷിപ്പ് വിജയം കണ്ടാൽ ബഹിരാകാശ യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മനുഷ്യരെയും ചരക്കുകളെയും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുതകുന്ന പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഇത്. 

Exit mobile version