Site iconSite icon Janayugom Online

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ ദമ്പതികൾ ആലപ്പുഴയിൽ അറസ്റ്റിൽ

കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ ആലപ്പുഴയിൽ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആദികൃഷ്ണൻ (15) ‍‍ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ് കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവർ അറസ്റ്റിലായത്. ഡിസംബർ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ ആദികൃഷ്ണനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വിദ്യാര്‍ത്ഥിയായ മകൾക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരിൽ ദമ്പതികൾ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മർദിച്ചിരുന്നു. മുഖത്തു നീരും ചെവിയിൽനിന്നു രക്തസ്രാവവും ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉൾപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ആദികൃഷ്ണന്റേത്. പ്രതികളായ ദമ്പതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കിയ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ബന്ധുവീടുകളിലും ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നു എസ്എച്ച്ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Exit mobile version