Site iconSite icon Janayugom Online

അതിസമ്പന്നരുടെ പട്ടികയില്‍ 11 ഇന്ത്യന്‍ വനിതകള്‍

ഫോബ്സിന്റെ ഈ വര്‍ഷത്തെ അതിധനികരുടെ പട്ടികയില്‍ ഇടംപിടിച്ച് 11 ഇന്ത്യന്‍ വനിതകള്‍. 17.7 ബില്യണ്‍ ആസ്തിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാല്‍ ആണ് ഇവരില്‍ ഒന്നാമത്. ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിന്‍ഡാല്‍ ആഗോളപട്ടികയില്‍ 91-ാം സ്ഥാനത്താണ് ഉളളത്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ വനിതകളില്‍ കൂടുതലും മരുന്ന് നിര്‍മ്മാണ രംഗത്തുനിന്നും ഉള്ളവരാണ്. പുതുതായി നാല് ഇന്ത്യന്‍ വനിതകളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ലീന തിവാരി, കിരണ്‍ മജുംദാര്‍ ഷാ, സ്മിത കൃഷ്ണ ഗോദറേജ് എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. 

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല, സ്പെയ്സ് എക്സ് മേധാവി എലോണ്‍ മസ്ക് ആണ്. ആമസോണിന്റെ ജെഫ് ബെസോസ്, ലൂയിസ് വ്യൂട്ടണ്‍ ഉടമ ബെര്‍ണാഡ് ആര്‍നോള്‍ട്ട് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ബില്‍ഗേറ്റ്‌സ്, വാറന്‍ ബഫറ്റ് എന്നിവരും ആദ്യ അഞ്ചില്‍ ഇടംനേടി. 90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി പട്ടികയില്‍ തുടരുകയാണ്. പട്ടികയില്‍ 10-ാം സ്ഥാനത്താണ് അംബാനി. 11-ാം സ്ഥാനത്തുള്ള അഡാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അഡാനിയുടെ ആസ്തി 90 ബില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അഡാനിയുടെ സമ്പത്തില്‍ ഉണ്ടായത്. 

ശിവ് നാടാര്‍ (47), സൈറസ് പൂനെവാലെ (56), രാധാകൃഷ്ണ ധാമിനി (81), ലക്ഷ്മി മിത്തല്‍ (89), കുമാര്‍ ബിര്‍ള (106), ദിലീപ് സാംഘ്‌വി (115), ഉദയ് കോട്ടക് (129), സുനില്‍ മിത്തല്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചിച്ചിട്ടുള്ള അതിസമ്പന്നര്‍. അതിസമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 140ല്‍ നിന്നും 166 ആയി ഉയര്‍ന്നുവെന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരുടെ മൊത്തം ആസ്തി 760 ബില്യണ്‍ ഡോളര്‍ ആണ്. രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനെവാലയുടെ ആസ്തിയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. 

മലയാളികളായ അതിസമ്പന്നരില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ്. 540 കോടി ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്. രാജ്യാന്തര തലത്തില്‍ 490-ാം സ്ഥാനം. എസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്) 410 കോടി, ബൈജു രവീന്ദ്രന്‍ (ബൈജൂസ് ആപ്) 360 കോടി, രവി പിള്ള (ആര്‍പി ഗ്രൂപ്പ്) 260 കോടി, എസ് ഡി ഷിബുലാല്‍ (ഇന്‍ഫോസിസ്) 220 കോടി, സണ്ണി വര്‍ക്കി (ജെംസ് ഗ്രൂപ്പ്) 210 കോടി തുടങ്ങിയവരാണ് പട്ടികയിലുള്ള പ്രമുഖരായ മലയാളികള്‍.

Eng­lish Summary:11 Indi­an women on rich list
You may also like this video

Exit mobile version