Site iconSite icon Janayugom Online

പറമ്പിക്കുളത്ത് 11 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി

പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം റിസര്‍വില്‍ പുതിയ 11 ഇനം ജീവി വര്‍ഗങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സര്‍വേയില്‍ മൂന്ന് പക്ഷികള്‍, നാല് ചിത്രശലഭങ്ങള്‍, നാല് തുമ്പികള്‍ എന്നിവയാണ് പുതിയതായി കണ്ടെത്തിയത്. തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയുമായി (ടിഎന്‍എച്ച്എസ്) സഹകരിച്ച് കേരള വനം വന്യജീവി വകുപ്പാണ് സര്‍വേ നടത്തിയത്.

204 ഇനം ചിത്രശലഭങ്ങളെ കടുവ സംരക്ഷണ സങ്കേതത്തില്‍ തിരിച്ചറിഞ്ഞു. ഇതില്‍ നാലെണ്ണം പുതിയതാണ്. നീലഗിരി നാല്‍ക്കണ്ണന്‍, തളിര്‍നീനിലി, ഓഷ്യന്‍ ബ്ലൂ ബോര്‍ഡര്‍, നാട്ടുപനന്തുള്ളന്‍ എന്നിവയാണ് അവ. കേരളത്തിലെ മറ്റ് വനമേഖലകളില്‍ കാണപ്പെടുന്നവയും പറമ്പിക്കുളത്ത് ഇല്ലാതിരുന്നവയുമാണിവ. ഇതോടെ റിസര്‍വില്‍ രേഖപ്പെടുത്തിയ ചിത്ര ശലഭങ്ങളുടെ എണ്ണം 287 ആയി.

അനേഷ്യസ്ന മാര്‍ട്ടിനി സെലിസ്, പാരഗോംഫസ് ലീനാറ്റസ്, ഡിപ്ലകോഡ്‌സ് ലെഫെബ്രി, ട്രൈറ്റെമിസ് പാലിഡിനെര്‍വിസ്, അഗ്രിയോക്നെമിസ് പിയറിസ് എന്നിവയാണ് പുതിയ തുമ്പികള്‍. ഇതോടെ ആകെ തുമ്പികളുടെ എണ്ണം 54 ല്‍ നിന്ന് 58 ആയി ഉയര്‍ന്നു.

162 ഇനം പക്ഷികളാണ് റിസര്‍വിലെ നിലവിലെ സാന്നിധ്യം. കുറുകിയ പാമ്പ് കഴുകന്‍, ബ്രൗണ്‍ വുഡ് ഓള്‍ (കൊല്ലികുറുവന്‍), പാഡിഫീല്‍ഡ് പിപിറ്റ് (വയല്‍ വരമ്പന്‍) എന്നിവയാണ് പുതിയ പക്ഷിയിനങ്ങള്‍. തോടെ ഇവിടെ സാന്നിധ്യമുള്ള പക്ഷികളുടെ എണ്ണം 295 ആയി.

ഡോ. കലേഷ് സദാശിവന്‍, വിനയന്‍ പി നായര്‍, ടോംസ് അഗസ്റ്റിന്‍, ടിഎന്‍എച്ച്എസിലെ റിസര്‍ച്ച് അസോസിയേറ്റ്സ് അനില മണലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സുജിത്, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ സി അജയന്‍, എ വിജിന്‍ദേവ്, ബ്രിജേഷ് വി, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: 11 new species were found in Parambikulam
You may also like this video

Exit mobile version