തമിഴ്നാട്ടില്‍ 11കാരനെ ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വില്ലുപുറം ജില്ലയിലെ തിണ്ടിവനത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഇതേ സ്‌കൂളിലെ കുട്ടികളാണ് 11കാരന് നേരെ ക്രൂരത കാട്ടിയത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാന്‍ വീട്ടില്‍ നിന്ന് പോയത്. പുറത്തും നെഞ്ചിലും തോളിലും പൊള്ളലേറ്റാണ് പിന്നീട് കുട്ടി വീട്ടിലേക്ക് തിരികെയെത്തിയത്. വീട്ടുകാര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് കുട്ടി സംഭവം പുറത്തുപറഞ്ഞത്.
തന്റെ സ്‌കൂളിലെ ഉയര്‍ന്ന രണ്ട് ജാതിയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്ന് കുട്ടി മതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് തീപിടിച്ച കുറ്റിക്കാട്ടിലേക്ക് തന്നെ തള്ളിയിടുകയായിരുന്നെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഷര്‍ട്ടിന് തീപിടിച്ചതോടെ ദേഹത്ത് പൊള്ളലേറ്റ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. കുട്ടിയുടെയും പിതാവിന്റെയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
English summary; 11-year-old at tacked and caste ab used in Tamil Nadu
You may also like this video;