Site iconSite icon Janayugom Online

114 റഫാലുകൾക്ക് അംഗീകാരം; ഖജനാവിന് കോടികളുടെ ബാധ്യത

മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (എംആർഎഫ്എ) സംഭരണ ​​പരിപാടിയുടെ കീഴിൽ 114 ഫ്രഞ്ച് ദസ്സോ റഫാല്‍ വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യൻ വ്യോമസേനയുടെ നിർദേശപ്രകാരം ജനുവരി 16നാണ് മന്ത്രാലയം 114 വിമാനങ്ങള്‍ക്ക് കൂടി അനുമതി നൽകിയത്. 

2007 ഓഗസ്റ്റിൽ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 1000–1200 കോടി യുഎസ് ഡോളറിന്റെ മീഡിയം മൾട്ടിറോൾ കോംപാറ്റ് എയർക്രാഫ്റ്റ് കരാറിന്റെ പുനരവതാരമാണിത്. 2014ൽ ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ഇത് റദ്ദാക്കിയിരുന്നു. ബിജെപി സർക്കാരും വ്യോമസേനയും യുദ്ധവിമാനങ്ങളുടെ ആധുനികവൽക്കരണത്തിലെ യഥാർത്ഥ പുരോഗതിയായി നടപടിക്രമങ്ങളെ പ്രകീർത്തിക്കുന്നുണ്ടെങ്കിലും ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. കരാര്‍ റദ്ദാക്കിയതിലെ ബിജെപിയുടെ രാഷ്ട്രീയക്കളിക്ക് നികുതിദായകര്‍ വന്‍ തുകയാണ് ചെലവഴിക്കേണ്ടിവരിക. വെെകിയ കരാര്‍ മൂലം കോടികളായിരിക്കും അധിക ബാധ്യത.

2016 സെപ്റ്റംബറിൽ 36 ഫ്ലൈ എവേ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ ആരംഭിച്ച 126 വിമാനങ്ങളുടെ എംഎംആര്‍സിഎ പദ്ധതി റദ്ദാക്കിയതിന് ബിജെപി സർക്കാർ സ്വയം രാഷ്ട്രീയ പ്രശംസ നടത്തിയിരുന്നു. എന്നാല്‍ ആ കരാർ നടന്നിരുന്നെങ്കിൽ ഇന്ന് വ്യോമസേന കൂടുതല്‍ സ്വയം പര്യാപ്തമാകുമായിരുന്നു. പകരം വർഷങ്ങളുടെ രാഷ്ട്രീയ നീക്കങ്ങളും ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും കാരണം, അനുവദനീയമായ 42.5 യുദ്ധവിമാന സ്ക്വാഡ്രണുകളിൽ നിന്ന് വെറും 29–30 ആയി കുറഞ്ഞു. ഇത് വീണ്ടെടുക്കാൻ സേന ഇന്ന് പെടാപാട് പെടുകയാണ്.

ബിജെപി സർക്കാർ എംഎംആർസിഎ ഉപേക്ഷിച്ചത് വ്യോമസേനയുടെ പ്രവർത്തന ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കുകയായിരുന്നു. പോരാട്ടവീര്യം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴും തേജസ് ലഘു യുദ്ധവിമാനങ്ങളുടെ വിതരണത്തിലെ കാലതാമസം വർധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ അവസാനത്തെ രണ്ട് മിഗ്-21 ‘ബിസ്’ ഗ്രൗണ്ട്-അറ്റാക്ക് സ്ക്വാഡ്രണുകൾ വിരമിക്കുന്നതിലേക്ക് ഇത് കലാശിച്ചു. എണ്ണം ചുരുങ്ങുന്നതും വർധിച്ചുവരുന്ന പ്രവർത്തന സമ്മർദത്തിന്റെയും പശ്ചാത്തലത്തിലാണ് എംആർഎഫ്എ വീണ്ടും ഉയർന്നുവന്നത്. നേരത്തേ ആസൂത്രണം ചെയ്തതുപോലെ സ്ട്രീം ചെയ്തിരുന്നെങ്കിൽ, ഇന്ന് വ്യോമസേന വേഗത്തിലും, കുറഞ്ഞ ചെലവിലും, സുഗമമായ പ്രവർത്തനം നടത്തുമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. 

Exit mobile version